ഐപിഎൽ ; വിജയത്തിളക്കത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ്

ദുബായ് : ഐപിഎൽ പതിമൂന്നാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിനു അട്ടിമറി വിജയം . 97 റൺസിനാണ് പഞ്ചാബ് ബാംഗ്ലൂരിനെ കീഴടക്കിയത്. 30 റൺസെടുത്ത വാഷിംഗ്ടൺ സുന്ദർ ആണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. 207 റൺസ് പിന്തുടർന്ന ബാംഗ്ലൂർ 17 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് ടോസില്‍ മാത്രമായിരുന്നു ഭാഗ്യം തുണച്ചത്. പിന്നീട് തൊട്ടതെല്ലാം പിഴച്ചു.  ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടി എത്തിയ ജോഷ് ഫിലിപ്പെ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ആദ്യ ഓവറില്‍ തന്നെ മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍(1) കോട്രലിന് മുന്നില്‍ വീണു. ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), വിരാട് കോലി (1) എന്നിവര്‍ ഒന്നിനു പുറകെ ഒന്നായി ക്രീസ് വിട്ടപ്പോള്‍ 2.4 ഓവറില്‍ നാല് റണ്‍സിന് മൂന്നു വിക്കറ്റെന്ന പരിതാപകരമായ നിലയിലായി ബം​ഗളൂരു. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ബാംഗ്ലൂരിന് ഒരിക്കല്‍ പോലും വിജയപ്രതീക്ഷ ഉണര്‍ത്താനായില്ല.

ബാംഗ്ലൂരിനായി ശിവം ദുബെ രണ്ടും യുസ്‌വേന്ദ്ര ചഹല്‍ ഒരു വിക്കറ്റും വീഴ്ത്തി. എന്നാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍ മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് നല്‍കിയത്. 69 പന്തില്‍ ഏഴ് സിക്സും 14 ബൗണ്ടറിയും പറത്തി 132 റണ്‍സെടുത്ത രാഹുല്‍ ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയർന്ന സ്കോറും സ്വന്തമാക്കി. മായങ്ക് അഗര്‍വാള്‍ (26), നിക്കോളാസ് പൂരന്‍ (17), ഗ്ലെന്‍ മാക്‌സ്‌വെല്‍ (അഞ്ച്) എന്നിങ്ങനെയാണ് പഞ്ചാബ് നിരയിലെ മറ്റ് താരങ്ങളുടെ പ്രകടനം. കരുണ്‍ നായര്‍ (15) പുറത്താകാതെ നിന്നു. അവസാന നാലോവറില്‍ പഞ്ചാബ് അടിച്ചെടുത്തത് 74 റണ്‍സാണ്.

Top