ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ സഞ്ജു വി സാംസണെ 4.20 കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഓസീസിനെ നയിക്കുകയും സെഞ്ചുറി നേടുകയും ചെയ്ത വെറ്ററന്‍ താരം ഷെയ്ന്‍ വാട്‌സനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. 9.5 കോടി രൂപയ്ക്കാണ് വാട്‌സനെ ബാംഗ്ലൂര്‍ ടീം വിളിച്ചെടുത്തത്.
ലേലത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്ന ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന യുവിക്ക് ലേലത്തില്‍ ലഭിച്ചത് ഏഴു കോടി രൂപ. ഏറെക്കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ആശിഷ് നെഹ്‌റയെ 5.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.
ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സനെ ഐപിഎല്ലിലെ തുടക്കക്കാരായ പുണെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. 2 കോടി രൂപ അടിസ്ഥാന വിലയിട്ട പീറ്റേഴ്‌സനെ 3.5 കോടി രൂപയ്ക്കാണ് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മയെ 3.8 കോടി രൂപയ്ക്ക് പുണെ വിളിച്ചെടുത്തു. രണ്ടു കോടി രൂപയായിരുന്നു ഇഷാന്തിന്റെയും അടിസ്ഥാന വില.
അതേസമയം, വിന്‍ഡീസ് താരം ഡ്വെയ്ന്‍ സ്മിത്തിനെ ഐപിഎല്ലിനെ തുടക്കക്കാരായ ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി. 2.3 കോടി രൂപയ്ക്കാണ് സ്മിത്തിനെ സുരേഷ് റെയ്‌നയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ലയണ്‍സ് വിളിച്ചെടുത്തത്. ഓസീസ് താരം ആരോണ്‍ ഫിഞ്ച്, ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവരെ ആദ്യ ഘട്ടത്തില്‍ ആരും വിളിച്ചെടുത്തില്ല. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (50 ലക്ഷം), ആരോണ്‍ ഫിഞ്ച് (ഒരു കോടി) എന്നിങ്ങനെയായിരുന്നു ഇവരുടെ അടിസ്ഥാന വില.
ഒരു ടീമില്‍ 16 പേരെ മുതല്‍ 27 പേരെ വരെ ഉള്‍പ്പെടുത്താമെന്നാണ് വ്യവസ്ഥ. വിദേശതാരങ്ങള്‍ പരമാവധി ഒന്‍പതു മാത്രം. ഓരോ ടീമിനും താരങ്ങള്‍ക്കു വേണ്ടി 66 കോടി രൂപ വരെ മുടക്കാം. നേരത്തെ താരങ്ങളെ നിലനിര്‍ത്തിയതിന്റെ തുക കുറച്ചാല്‍ ഡല്‍ഹി ടീമിന് 37.15 കോടി രൂപ ലേലത്തിനു ബാക്കിയുണ്ട്.