ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഇന്ന് നേർക്കുനേർ

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഇന്ന് നേർക്കുനേർ. സീസണിലെ ആദ്യ ജയം തേടിയാണ് കെയ്ന്‍ വില്യംസണും സംഘവും ഇന്നിറങ്ങുന്നത്. അതേസമയം നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് ലഖ്‌നൗ എത്തുന്നത്. വൈകീട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തിന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് വേദി.

ആദ്യ മത്സരത്തില്‍ ഹൈദരാബാദ് രാജസ്ഥാനോട് തോറ്റിരുന്നു. ഇത്തവണ വലിയ ടീം കരുത്ത് അവകാശപ്പെടാൻ ഇല്ലെങ്കിലും വിജയവഴിയിൽ എത്താൻ എസ് ആർ എച്ച് ശ്രമിക്കും. വിശ്വസ്തരായ താരങ്ങളുടെ അഭാവം ടീമിലുണ്ട്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍ എന്നിവരെ ഒഴിവാക്കാന്‍ കാണിച്ച ആവേശം പകരക്കാരെ ടീമിലെത്തിക്കുന്നതില്‍ ഹൈദരാബാദ് കാട്ടിയില്ല. കെയ്ന്‍ വില്യംസണെ അമിതമായി ആശ്രയിക്കുന്ന ബാറ്റിംഗ് നിരയാണ് ഹൈദരാബാദിന്റേത്.

ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, റൊമാരിയ ഷിഫേര്‍ഡ്, ഉമ്രാന്‍ മാലിക്ക് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര മികച്ചതാണ്. ഇവര്‍ ഫോമിലേക്കെത്തുകയാണ് പ്രധാനം. എന്നാല്‍ സ്പിന്‍ നിരയില്‍ മുഖ്യ സ്പിന്നറായി വാഷിങ്ടണ്‍ സുന്ദറെ ആശ്രയിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല. അതുകൊണ്ട് തന്നെ സ്പിന്‍ നിര ഹൈദരാബാദിന്റെ മറ്റൊരു ദൗര്‍ബല്യമാണ്.

മറുവശത്ത് രാഹുലിന്റെ ലഖ്‌നൗ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് തോല്‍പ്പിച്ചത്. കെ എല്‍ രാഹുല്‍ ഫോമിലേക്കെത്താത്തത് ലഖ്‌നൗവിനെ സംബന്ധിച്ച് ചെറിയ പ്രശ്‌നമാണ്. ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ്ങില്‍ താളം കണ്ടെത്തിക്കഴിഞ്ഞു. എവിന്‍ ലൂയിസ് നാലാം നമ്പറില്‍ നടത്തുന്ന വെടിക്കെട്ട് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു.

Top