മുംബൈ: ഐപിഎല്‍ ലേലത്തിനായി 1,166 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷന്‍ സമയപരിധി നവംബര്‍ 30 വരെയായിരുന്നു. മുന്‍ നിര താരങ്ങള്‍ ഉള്‍പ്പടെ 1,166 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രച്ചിന്‍ രവീന്ദ്ര, ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡാരില്‍ മിച്ചല്‍ എന്നിവര്‍ പട്ടികയിലുണ്ട്. ഡിസംബര്‍ 19ന് ദുബായില്‍ വച്ചാണ് ലേലം നടക്കുന്നത്.
വെള്ളിയാഴ്ച ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി പങ്കിട്ട രജിസ്റ്ററിലാണ് ആകെ 1,166 കളിക്കാരെ കണ്ടെത്തിയത്. 1,166 കളിക്കാരില്‍ 830 പേര്‍ ഇന്ത്യന്‍ താരങ്ങളും 336 പേര്‍ വിദേശ താരങ്ങളുമാണ്. 212 ക്യാപ്ഡ്, 909 അണ്‍ക്യാപ്പ്ഡ്, 45 അസോസിയേറ്റ് കളിക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹര്‍ഷല്‍ പട്ടേല്‍, കേദാര്‍ ജാദവ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള ക്യാപ്ഡ് താരങ്ങള്‍. ഇംഗ്ലീഷ് താരങ്ങളായ ആദില്‍ റാഷിദ്, ഹാരി ബ്രൂക്ക്, ഡേവിഡ് മലാന്‍ എന്നിവരും പട്ടികയിലുണ്ട്. ലേലത്തില്‍ നിന്ന് 30 വിദേശ താരങ്ങള്‍ ഉള്‍പ്പടെ 77 സ്ലോട്ടുകളിലേക്കാണ് ഐപിഎല്‍ ക്ലബ്ബുകള്‍ താരങ്ങളെ സ്വന്തമാക്കുക.