ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ അടുത്ത 5 വർഷത്തെ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിന് ഉജ്വല തുടക്കം. ഡിജിറ്റൽ, ഓൺലൈൻ വിഭാഗത്തിലെ ആദ്യ ദിവസം ലേലത്തുക ഏകദേശം 43,000 കോടി രൂപ കടന്നതായാണ് അനൗദ്യോഗിക വിവരം. കഴിഞ്ഞ 5 വർഷത്തെ സംപ്രേഷണത്തിനായി സ്റ്റാർ ഇന്ത്യ മുടക്കിയ തുകയുടെ 3 ഇരട്ടിയോളമാണിത്. ടെലിവിഷൻ സംപ്രേഷണത്തിനുള്ള ലേലത്തിലെ തുക 23,370 കോടി രൂപയെത്തി. അതായത് ഒരു മത്സരത്തിന് ഏകദേശം 57 കോടി രൂപ.
ഡിജിറ്റൽ സംപ്രേഷണത്തിനാകട്ടെ ഒരു മത്സരത്തിന് 48 കോടിയും. ലേലം ഇന്നും തുടരും. ഇന്ന് വൈകിട്ടോടെ വിജയികളെ അറിയാനാകും. അടുത്ത 5 വർഷത്തിനിടെ ഏകദേശം 410 മത്സരങ്ങൾ ഉണ്ടാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഒരു മത്സരത്തിന്റെ ശരാശരി സംപ്രേഷണ മൂല്യം 105 കോടി രൂപ കടന്നു. 2020ൽ ഇത് 66.42 കോടി മാത്രമായിരുന്നു.