ഐപിഎല്‍; കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ

മുംബൈ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നടക്കാനാരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആയിരിക്കുമെന്ന് ബിസിസിഐ. ഫ്രാഞ്ചൈസികള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിലെ (എസ്ഒപി) പെരുമാറ്റ ചട്ടങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് ബിസിസിഐ തയ്യാറാക്കിക്കഴിഞ്ഞു.

ടൂര്‍ണമെന്റിന്റെ തുടക്കത്തിലെങ്കിലും കാണികളെ സറ്റേഡിയത്തില്‍ പ്രവേശിപ്പിക്കില്ല, കളി പറയുന്ന കമന്റേറ്റര്‍മാര്‍ സ്റ്റുഡിയോയില്‍ ആറടി അകലം പാലിച്ച് ഇരിക്കണം, ഡഗൗട്ടില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് നില്‍ക്കാന്‍ അനുവദിക്കില്ല, ഡ്രസിങ് റൂമില്‍ 15 താരങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കില്ല, സാമൂഹിക അകലം പാലിച്ചായിരിക്കണം മത്സരശേഷമുള്ള അവാര്‍ഡ് ദാന ചടങ്ങുകള്‍, എല്ലാ താരങ്ങളെയും രണ്ടാഴ്ചയ്ക്കിടെ നാലു തവണ കൊവിഡ് ടെസ്റ്റിനു വിധേയരാക്കും എന്നിവയടക്കം നിരവധി കാര്യങ്ങള്‍ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാവര്‍ക്കും ബാധകം ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ മാത്രമല്ല അവരുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ഫ്രാഞ്ചൈസി ഉടമകള്‍ക്കുമെല്ലാം പെരുമാറ്റച്ചട്ടം ബാധകമാണെന്നു ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. സുരക്ഷിത വലയത്തിലേക്കു കടന്നുകഴിഞ്ഞാല്‍ പിന്നീട് അതില്‍ നിന്നും ആര്‍ക്കും പുറത്തു കടക്കാനും അകത്തേക്കു പ്രവേശിക്കാനും സാധിക്കില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. താരങ്ങള്‍ കുടുംബാംഗങ്ങളെയും കാമുകിമാരെയുമെല്ലാം തങ്ങള്‍ക്കൊപ്പം കൂട്ടുന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുത്തിട്ടില്ല.

അതേസമയം, പെരുമാറ്റച്ചട്ടം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ടീമിന്റെ ബസ് ഡ്രൈവര്‍മാര്‍ പോലും ഇതില്‍പ്പെടുന്നവരാണ്. അടുത്തയാഴ്ച ചേരുന്ന യോഗത്തിനു ശേഷം എസ്ഒപി ഫ്രാഞ്ചൈസികള്‍ക്കു കൈമാറും. പെരുമാറ്റച്ചട്ടത്തിലെ ഏതെങ്കിലും നിബന്ധനയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്കു അത് തങ്ങളെ അറിയിക്കാം. അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ടെസ്റ്റുകള്‍ പെരുമാറ്റച്ചട്ടമനുസരിച്ച് ടൂര്‍ണമെന്റിനു മുമ്പ് രണ്ടാഴ്ചയ്ക്കിടെ നാലു തവണ ഓരോ താരവും കൊവിഡ് ടെസ്റ്റിനു വിധേയരാവും. ഇവയില്‍ രണ്ടു ടെസ്റ്റുകള്‍ യുഎഇയിലേക്കു തിരിക്കും മുമ്പ് ഇന്ത്യയില്‍ വച്ചായിരിക്കും. അടുത്ത രണ്ടു ടെസ്റ്റുകള്‍ യുഎഇയില്‍ ക്വാറന്റീനിയില്‍ കഴിയുന്ന സമയത്തായിരിക്കും.

Top