ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടം. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം തുടങ്ങും. രാജസ്ഥാനെ മലയാളി താരം സഞ്ജു സാംസണും, മുംബൈയെ രോഹിത് ശര്‍മ്മയുമാണ് നയിക്കുന്നത്.
മരണമുഖത്തുള്ള രണ്ട് ടീമുകളാണ് മുഖാമുഖം വരുന്നത്. തോറ്റാല്‍ പുറത്തേക്ക്, ജയിച്ചാല്‍ ലൈഫ് ലൈന്‍ എന്നതാണ് ടീമുകളുടെ അവസ്ഥ. മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയല്‍സിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് ദയനീയമായതിനാല്‍ മുന്നോട്ടുപോകണമെങ്കില്‍ തുടര്‍ജയങ്ങള്‍ മാത്രമാണ് വഴി. നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ മുന്‍നിര ബാറ്റര്‍മാരുടെ മങ്ങിയ ഫോമാണ് മുംബൈയുടെ തലവേദന. ലോകകപ്പ് ടീമിലംഗങ്ങളായവര്‍ ഏറെയുണ്ടെങ്കിലും സീസണിലാകെ ആറ് അര്‍ധസെഞ്ച്വറി മാത്രമാണ് മുംബൈയുടെ പേരില്‍
സ്ഥിരതയില്ലായ്മ മുഖമുദ്രയാക്കിയ രാജസ്ഥാന്റെ കാര്യത്തിലും ഒരുറപ്പും പറയാനാകില്ല. എവിന്‍ ലൂവിസും യശസ്വി ജെയ്‌സ്വാളും പവര്‍പ്ലേയിലുടനീളം ക്രീസിലുറച്ചാല്‍ റണ്‍നിരക്ക് ഉയരും. നായകന് ചേരുന്ന പക്വത രണ്ടാം പാദത്തില്‍ സഞ്ജു സാംസണ്‍ പ്രകടിപ്പിക്കുന്നതിലുമുണ്ട് പ്രതീക്ഷ. എങ്കിലും മുംബൈയുടെ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന ബൗളിംഗ് മികവുണ്ടോയെന്ന് കണ്ടറിയണം. സീസണിലാദ്യമായാണ് രാജസ്ഥാന്‍ ഷാര്‍ജയില്‍ കളിക്കുന്നത്.