അബുദാബി: ഐപിഎല്‍ രണ്ടാം പാദത്തില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. 11 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള കൊല്‍ക്കത്തയും അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുള്ള പഞ്ചാബും പ്ലേ ഓഫ് ലക്ഷ്യമിട്ട് തന്നെയാണ് ഇറങ്ങുക. ഇരുവരും യഥാക്രമം പോയിന്റ് ടേബിളില്‍ നാല്, ആറ് സ്ഥാനങ്ങളിലാണ്.
ആദ്യ പാദത്തിലെ മോശം പ്രകടനങ്ങള്‍ മറികടന്ന് രണ്ടാം പാദത്തില്‍ മികച്ച പ്രകടനങ്ങളാണ് കൊല്‍ക്കത്ത നടത്തുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കെതിരെ വിജയിച്ച മോര്‍ഗനും സംഘവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മാത്രമാണ് പരാജയപ്പെട്ടത്.
ഓപ്പണിംഗില്‍ പുതുതായി പരീക്ഷിച്ച വെങ്കടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ കുതിപ്പിനു പിന്നിഒലെ ചാലക ശക്തി. വിജയിച്ച മൂന്ന് മത്സരങ്ങളും അയ്യര്‍ നിര്‍ണായക പങ്കുവഹിച്ചു. ബാംഗ്ലൂരിനും മുംബൈക്കെതിരെ ബാറ്റ് കൊണ്ട് തിളങ്ങിയ അയ്യര്‍ ഡല്‍ഹിക്കെതിരെ പന്ത് കൊണ്ട് തിളങ്ങി.
അയ്യര്‍ക്കൊപ്പം ശുഭ്മന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരേന്‍ എന്നിവരൊക്കെ ഫോമിലെത്തിയതും കൊല്‍ക്കത്തയ്ക്ക് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തില്‍ സുപ്രധാന താരമായ ആന്ദ്രേ റസല്‍ ഇല്ലാതെയാണ് കൊല്‍ക്കത്ത വിജയിച്ചത്. പരുക്കേറ്റ റസല്‍ ഇന്നും പുറത്തിരിക്കാനാണ് സാധ്യത.