ഐപിഎല്‍; വിവോ സ്‌പോണ്‍സര്‍ സ്ഥാനത്തു നിന്ന് പിന്മാറിയെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീട സ്പോണ്‍സറുടെ സ്ഥാനത്തുനിന്ന് വിവോയെ മാറ്റിയെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോയുമായുള്ള കരാര്‍ സസ്‌പെന്‍ഡ് ചെയ്തതായി ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സറെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കും.

2017ല്‍ 2199 കോടി രൂപയ്ക്കാണ് വിവോ ഇന്ത്യ ഐപിഎല്‍ കിരീട സ്പോണ്‍സര്‍മാരായുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടത്. നിലവില്‍ 2022ലാണ് ഈ കരാര്‍ പൂര്‍ത്തിയാകുക. ഓരോ വര്‍ഷവും വിവോ ലീഗിന് 440 കോടി രൂപ നല്‍കുന്നുമുണ്ട്. പെപ്സിക്കു പകരമാണ് വിവോ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരായത്.

13ാം സീസണ്‍ ഐപിഎല്‍ സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാവും നടക്കുക. രാവിലെ 7.30 മുതലാവും മത്സരം ആരംഭിക്കുക. ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കാത്ത ആദ്യ ഐപിഎല്‍ സീസണാവും ഇത്.

യുഎഇ യിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു.

Top