ഷാർജ : ഐപിഎല്ലിൽ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള കളികൾ നിർണായകമാണ്. ഈ സീസണില്‍ ഇതുവരെ ഒരു വിജയം മാത്രമാണ് പഞ്ചാബിന് നേടാൻ കഴിഞ്ഞത്. പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിർത്തണമെങ്കിൽ ഇനിയുള്ള കളികൾ ജയിച്ചിരിക്കണം.
ഇരുടീമുകളും ഈ സീസണില്‍ രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ബാംഗ്ലൂരിനോട് മാത്രമാണ് പഞ്ചാബ് ഈ സീസണിൽ ആകെ ജയിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തോടെയാവും ബാംഗ്ലൂർ കളിക്കാനിറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെയായിരിക്കും ബാംഗ്ലൂര്‍ ഇത്തവണയും നിലനിര്‍ത്തുക. ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, ഡിവില്ലിയേഴ്‌സ്, ശിവം ദുബെ, ക്രിസ് മോറിസ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന കാര്യം സുനിശ്ചിതമാണ്.
അതേസമയം ഇന്നത്തെ മത്സരത്തില്‍ പഞ്ചാബിന് വേണ്ടി ക്രിസ് ഗെയ്ല്‍ കളിച്ചേക്കും. മായങ്ക് അഗര്‍വാള്‍, രാഹുല്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന പഞ്ചാബിന്റെ ബാറ്റിങ് നിര ശക്തമാണ്. ഇവരിൽ നിന്നും മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. ഐ.പി.എല്ലില്‍ കോലിയുടെ 200-ാം മത്സരമാണിത്.