ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിജയം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് ധോണിയും സംഘവും തകര്‍ത്തത്.
ടോസ് നേടി ആദ്യം ബൗളിങ്ങ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70ന് എല്ലാവരും പുറത്തായി. ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഷെയ്ന്‍ വാട്‌സണ്‍ (0), സുരേഷ് റെയ്‌ന (19), അമ്പാട്ടി റായുഡു (28) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. രവീന്ദ്ര ജഡേജ (6), കേദാര്‍ ജാദവ് (13) എന്നിവര്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടം കൂടാതെ ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.