കേരളത്തിന്റെ അഭിമാനമായ ചങ്കൂറ്റമുള്ള ആ ഉദ്യോഗസ്ഥര്‍ മടുത്ത് ഒടുവില്‍ വിട പറയുന്നു !

sreeram_harshitha

തിരുവനന്തപുരം: ഏത് ഭരണാധികാരിയായാലും മേലുദ്യോഗസ്ഥനായാലും നീതിക്ക് നിരക്കാത്തത് പറഞ്ഞാല്‍ ചെയ്യില്ലെന്ന് ശഠിക്കുന്ന ഒരു സംഘം യുവ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥരുണ്ട് കേരളത്തില്‍.

നാടിന് അഭിമാനമായ നാട്ടുകാര്‍ നെഞ്ചേറ്റിയ ആ ഉദ്യോഗസ്ഥ പട കേരളത്തോട് ഇപ്പോള്‍ ഗുഡ് ബൈ പറയുകയാണ്.

മൂന്നാറിലെ കയ്യേറ്റക്കാരെ വിറപ്പിച്ച ശ്രീറാം വെങ്കിട്ടരാമന്‍, മുന്‍ ഇടുക്കി കളക്ടര്‍ ജി.ആര്‍.ഗോകുല്‍, എസ്.പിമാരായ അജിതാ ബീഗം, സതീഷ് ബിനോ തുടങ്ങിയവരാണ് കേരളം വിടുന്നത്.

കടുത്ത സമ്മര്‍ദ്ദവും, ഒരു തസ്തികയില്‍ മിനിമം രണ്ടു വര്‍ഷം എന്ന കേന്ദ്ര സര്‍ക്കാര്‍ ചട്ടം പാലിക്കാത്തതുമാണ് കേരളം വിടാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കണ്‍ഫേഡ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പരിഗണന നല്‍കുന്നതിലും യുവ ഉദ്യാഗസ്ഥരെ അവഗണിക്കുന്നതിലും വലിയ പ്രതിഷേധമാണ് ഐ.പി.എസ് – ഐ.എ.എസ് ഉദ്യാഗസ്ഥര്‍ക്കിടയിലുള്ളത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അജിതാ ബീഗത്തെയും ഭര്‍ത്താവ് കൂടിയായ പത്തനം തിട്ട മുന്‍ എസ്.പി സതീഷ് ബിനോയ് യെയും കേന്ദ്ര ഡെപ്യൂട്ടേഷന് എന്‍.ഒ.സി തേടിയ ഉടനെ, നിയമന ഉത്തരവ് വരുന്നതിന് മുന്‍പ് തന്നെ മാറ്റുകയായിരുന്നു.

ഇവര്‍ക്ക് പകരം നിയമനം പോലും നല്‍കാതിരുന്ന നടപടി ഐ.പി.എസ് അസോസിയേഷനിലും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

ശ്രീറാം വെങ്കിട്ടരാമനും ജി.ആര്‍ ഗോകുലും അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ ,ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ഉന്നത പഠനത്തിനായാണ് പോകുന്നത്. രണ്ട് പേരെയും ഇടുക്കിയില്‍ നിന്നും മാറ്റിയ ശേഷം അപ്രധാന തസ്തികയിലാണ് നിയമിച്ചിരുന്നത്. ഇതോടെയാണ് പഠനം ‘സേവന’ കാലമായി ഉപയോഗപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്.

ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ രാജമാണിക്യം ,ഐ.പി.എസുകാരിയായ ഭാര്യ നിശാന്തിനി എന്നിവരും ഡെപ്യൂട്ടേഷനില്‍ പോകാനുള്ള തീരുമാനത്തിലാണ്.

കണ്ണൂര്‍ റേഞ്ച് ഐ.ജി മഹിപാല്‍ യാദവാകട്ടെ ബി.എസ്.എഫിലേക്കാണ് ഡെപ്യൂട്ടേഷനില്‍ പോകുന്നത്. ഷുഹൈബ് വധക്കേസ് മേല്‍നോട്ട ചുമതലയും ഇദ്ദേഹത്തിനായിരുന്നു.

കോഴിക്കോട് കളക്ടറായിരുന്ന കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍.പ്രശാന്ത് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നേരത്തെ ഡല്‍ഹിക്ക് പറന്നിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 15 ഉദ്യോഗസ്ഥരാണ് സംസ്ഥാനം വിട്ടത്. 5 വീതം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരാണ് കേരളത്തോട് ഗുഡ് ബൈ പറഞ്ഞത്. എട്ട് പേര്‍ അവധിയിലാണ്. ഇതില്‍ നാല് പേര്‍ ആറ് മാസത്തിലേറെയായി അവധിയിലായിട്ട്.

സ്വന്തം കേഡറില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയാലേ ഡെപ്യൂട്ടേഷന് അപേക്ഷിക്കാനാകൂ എന്നതിനാല്‍ യുവ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം ഈ കാലയളവ് പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെപ്യൂട്ടേഷനില്‍ പോയ സീനിയര്‍ ഐ.പി.എസ് ഓഫീസര്‍ രവത ചന്ദ്രശേഖര്‍(ഐ.ബി) വിക്രം (സി.ഐ.എസ്.എഫ്) ഡി.ഐ.ജിമാരായ ഹര്‍ഷിത അട്ടല്ലൂരി, നാഗരാജ്(സി.ബി.ഐ) തുടങ്ങിയ പലരും ഇപ്പോഴും ഡെപ്യൂട്ടേഷനില്‍ തുടരുകയാണ്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഏതാനും പേര്‍ മാത്രമാണ് ഇതുവരെ തിരികെ വന്നിട്ടുള്ളത്.

Top