ചൈത്രയുടെ തൊപ്പി തെറിപ്പിക്കാനാണോ അന്വേഷണം ? എങ്കിൽ നിങ്ങൾക്ക് തെറ്റും

സി.പി.എം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിന് യുവ ഐ.പി.എസുകാരി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനുള്ള നീക്കം അപലപനീയമാണ്.

നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് നടത്താന്‍ ചൈത്ര തയ്യാറായത് ഒരു വാര്‍ത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വെച്ചുള്ളതാണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പരാതി തന്നെ വസ്തുതാ വിരുദ്ധമാണ്.

തിരുവനന്തപുരം മെഡിക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഡി.സി.പിയുടെ ചുമതലയുള്ള ചൈത്ര റെയ്ഡിന് ഇറങ്ങിയത്. ഇക്കാര്യം വ്യക്തവുമാണ്. ഇനി ഈ വിവരം നല്‍കിയ ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലുത്തി ചൈത്രയെ ബലിയാടാക്കാനാണ് നീക്കമെങ്കില്‍ അത് രാഷ്ട്രീയ കേരളം വകവച്ച് കൊടുക്കില്ല.

ആദ്യം പോക്‌സോ കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐക്കാരനെ കാണാന്‍ പോയി പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. പൊലീസ് സ്റ്റേഷന് നേരെ നടക്കുന്ന ആക്രമണത്തെ കയ്യും കെട്ടി നോക്കി നില്‍ക്കാനല്ല ഹൈദരാബാദ് പൊലീസ് അക്കാദമിയില്‍ നിന്നും ചൈത്ര ഐ.പി.എസ് നേടിയത്.

ഇനി മറ്റേതെങ്കിലും അജണ്ട മുന്‍ നിര്‍ത്തിയാണെന്നും സംശയിക്കേണ്ട. കാരണം സി.പി.എം ഉയര്‍ത്തി പിടിക്കുന്ന ചുവപ്പ് രാഷ്ട്രീയ പാതയില്‍ തന്നെ ആയിരുന്നു ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് അവര്‍. അവിടെ എസ്.എഫ്.ഐ പരിപാടികളിലെ നിറ സാന്നിധ്യമായിരുന്നു ചൈത്ര. ഇക്കാര്യം എസ്.എഫ്.ഐ നേതാക്കളെ വിളിച്ച് ബോധ്യപ്പെടാവുന്നതാണ്.

സി.പി.എം ജില്ലാ കമ്മറ്റി ഓഫീസിനെ പോലെ തന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് പൊലീസ് സ്റ്റേഷനും. അവിടെ കയറി അതിക്രമം കാട്ടിയാല്‍ നാട്ടിലെ നിയമവാഴ്ചയാണ് തകരുക. ഡി.സി.പിയുടെ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന ചൈത്രക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്.

പിന്നെ പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടത്തിയിട്ട് പ്രതികളെ ആരെയും കിട്ടിയില്ലല്ലോ എന്നതാണ് വാദമെങ്കില്‍ അതും വില പോവില്ല. സി.പി.എം ജില്ലാ കമ്മറ്റി നല്‍കിയ പട്ടികയില്‍ നിന്നും നിയമനം നേടിയ ഡി.സി.പിയുടെ കീഴുദ്യോഗസ്ഥര്‍ ആ നന്ദി കാണിച്ചിട്ടുണ്ടാകും എന്ന് ഉറപ്പ്. ഇതൊന്നും മനസ്സിലാക്കാന്‍ കവടി നിരത്തേണ്ട കാര്യമില്ല സഖാവെ . . .

സി.പി.എം ഭരണത്തില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞതാണ് ഗൗരവമായി സി.പി.എം ജില്ലാ നേതൃത്വം ആദ്യം കാണേണ്ടത്.

നിയമം നടപ്പാക്കുമ്പോള്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്ന് പൊലീസ് ഉദ്യോഗസ്ഥരോട് അധികാരം ഏറ്റെടുത്ത ശേഷം പറഞ്ഞത് തന്നെ മുഖ്യമന്ത്രി പിണറായി വിജയനാണ്. അത് അനുസരിക്കാന്‍ കാക്കിയിട്ട ഓരോ പൊലീസുകാരനും ബാധ്യതയുണ്ട്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയോ, ജാതിയോ, മതമോ നോക്കി ഇവിടെ പൊലീസിന് നിയമം നടപ്പാക്കാന്‍ കഴിയില്ല. ചൈത്രയെ ബലിയാടാക്കാന്‍ നോക്കുന്നവര്‍ ഇക്കാര്യം മനസ്സിലാക്കണം.

സി.പി.എം ജില്ലാ സെക്രട്ടറിയുടെ പരാതിയിന്‍മേലുള്ള നടപടി ക്രമം എന്ന രൂപത്തിലാണ് അന്വേഷണമെങ്കില്‍ അത് നടക്കട്ടെ. അല്ലാതെ ഈ ഐ.പി.എസുകാരിക്കെതിരായ നടപടിയാണ് ഉദ്ദേശമെങ്കില്‍ അത് പൊലീസ് സേനയുടെ മനോവീര്യം തന്നെ തകര്‍ക്കും. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്. പൊലീസ് സിസ്റ്റം തന്നെ തകരാറിലാക്കുന്ന നടപടി എന്തായാലും നല്ലതല്ല.

ഏത് സര്‍ക്കാര്‍ വന്നാലും ഇവിടെ പ്രവര്‍ത്തിക്കേണ്ടവരാണ് പൊലീസുകാര്‍. അതില്‍ കുഴപ്പക്കാര്‍ ഉണ്ടാകാം. അത്തരക്കാര്‍ക്കെതിരെ വേണം നടപടി, അതല്ലാതെ നിയമം നടപ്പാക്കുന്നവര്‍ക്ക് എതിരെ ആകരുത്.

ആര്‍.എസ്.എസ് നേതാവ് പൊലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞതിനെത്തുടര്‍ന്ന് ആര്‍.എസ്.എസ് കാര്യാലയത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ അതെന്തിനാ ചെയ്തതെന്ന് ഇവിടെ കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ടോ ? റെയ്ഡ് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടോ ? തിരുവനന്തപുരത്ത് തന്നെയാണ് രണ്ട് സംഭവങ്ങളും നടന്നതെന്നും ഓര്‍ക്കണം.

കല്ലിന്റെയും ബോംബിന്റെയും പ്രഹര ശേഷി വ്യത്യസ്തമാണെങ്കിലും അത്തരം ആക്രമണങ്ങള്‍ നല്‍കുന്ന സന്ദേശം ഒന്നു തന്നെയാണ്. പ്രത്യേകിച്ച് പൊലീസ് സ്റ്റേഷനു നേരെയാണ് പ്രയോഗമെങ്കില്‍. . .

Top