കൊല്ലം : യുവ എസ്.പി മാരില്‍ മികച്ച പ്രതിച്ഛായയുള്ള അജിതാ ബീഗത്തെ കൊല്ലം റൂറലില്‍ തുടരാന്‍ അനുവദിച്ച പിണറായി സര്‍ക്കാര്‍ ഭര്‍ത്താവും കോട്ടയം എസ്.പി യുമായിരുന്ന സതീശ് ബിനോയിയെ കൊല്ലം കമ്മീഷണറാക്കി നിയമിച്ചത് അപൂര്‍വ്വ നടപടി.
മുന്‍പ് ഐ.എ.എസ് – ഐ.പി.എസ് ദമ്പതിമാരില്‍ പലര്‍ക്കും ഇത്തരത്തില്‍ നിയമനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഐ.പി.എസ് ദമ്പതിമാര്‍ക്ക് ജില്ലയില്‍ ഒരേ സമയം നിയമനം നല്‍കുന്നത് ഇത് ആദ്യമായിട്ടാണ്.
വെടിയൊച്ചകള്‍ മുഴങ്ങുന്ന ജമ്മുകാശ്മീര്‍ താഴ്‌വരയില്‍ നിന്നാണ് അജിതാ ബീഗം കേരള കേഡറിലെത്തിയത്.
തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ അജിതാബീഗം സതീശ് ബിനോയിയുമായുള്ള വിവാഹത്തോടെ ഇരുവര്‍ക്കും കേരള കേഡറില്‍ നിയമനം ലഭിക്കുകയായിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്തതോടെ ആറ് മാസം പൂര്‍ത്തിയാക്കും മുന്‍പ് സ്ഥലംമാറ്റപ്പെട്ട അജിതാ ബീഗത്തെ തെരഞ്ഞെടുപ്പ് കാലത്ത് ഇലക്ഷന്‍ കമ്മീഷന്‍ ഇടപെട്ടാണ് കൊല്ലത്ത് നിയമനം നല്‍കിയത്. ഇപ്പോള്‍ അവരെ അവിടെ തുടരാന്‍ അനുവദിക്കുക മാത്രമല്ല ഭര്‍ത്താവിനെകൂടി കൊല്ലത്തെത്തിച്ച് കുടുംബജീവിതത്തിനും സര്‍ക്കാര്‍ മതിയായ പ്രാധാന്യം നല്‍കി.
മറ്റൊരു ഐ.പി.എസ് ദമ്പതികളായ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബഹ്‌റക്കും പാലക്കാട് എസ്.പി യായിരുന്ന ദേബേഷ് കുമാര്‍ ബഹ്‌റയ്ക്കും അനുകൂലമായ നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചു.
കോഴിക്കോട് ജില്ലയുടെ അയല്‍ ജില്ലയായ മലപ്പുറത്ത് ബഹ്‌റയെ എസ്.പിയായി നിയമിച്ചാണ് പിണറായിയുടെ ഒരു കൈ സഹായം. നേരത്തെ മലപ്പുറം എസ്.പി യായിരുന്ന ബെഹ്‌റ ഏതാനും മാസങ്ങള്‍ക്ക് ശേഷം വീണ്ടും പഴയ താവളത്തിലേക്ക് തന്നെ തിരിച്ചെത്തുകയാണ് എന്നൊരു പ്രത്യേകത കൂടി ഈ നിയമനത്തിനുണ്ട്.