പൊലീസുകാര്‍ വാങ്ങുന്ന കൈക്കൂലി കണക്ക് പുറത്തുവിട്ട് ഐപിഎസ് ഉദ്യോഗസ്ഥന്‍

സേലം: പൊലീസുകാര്‍ വാങ്ങുന്ന കൈക്കൂലി കണക്ക് പുറത്തുവിട്ട് സേലം എസ്പി ശ്രീഅഭിനവ് ഐപിഎസ്. സേലം ജില്ലയില്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്ന പരാതി വ്യാപകമായതോടെ ഇതിനു തടയിടാനാണ് കൈക്കൂലി പട്ടിക പ്രത്യേക സര്‍ക്കുലറാക്കി എസ്പി പുറത്തുവിട്ടത്. വിവിധ ആവശ്യങ്ങള്‍ക്ക് പൊലീസുകാര്‍ ഈടാക്കുന്ന കൈക്കൂലിയുടെ തരംതിരിച്ച കണക്കുകളാണ് പട്ടികയിലുള്ളത്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ എഎസ്പിമാര്‍ക്ക് നിര്‍ദേശവും നല്‍കി.

പരിശോധന വ്യാപകമാക്കി കൈക്കൂലിക്കാരായ പൊലീസുകാര്‍ക്കതിരേ ശക്തമായ നടപടി സ്വീകരിച്ച് അഴിമതി രഹിത ഭരണനിര്‍വഹണം ഉറപ്പുവരുത്തണമെന്നും എസ്പി സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ആറിനാണ് ഇത്തരമൊരു സര്‍ക്കുലര്‍ എസ്പി പുറത്തുവിട്ടത്. കൈക്കൂലി പട്ടിക സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. തന്റെ കീഴുദ്യോഗസ്ഥരുടെ കൈക്കൂലിയോടുള്ള ആര്‍ത്തിയില്‍ മനസ്സ് മടുത്താണ് പൊലീസ് സേനയിലെ വിവിധ തസ്തികയിലുള്ളവര്‍ ഓരോ കുറ്റങ്ങള്‍ക്കും വേര്‍തിരിച്ച് കൈപ്പറ്റുന്ന കൈക്കൂലിയുടെ പട്ടിക അദ്ദേഹം പുറത്ത് വിട്ടത്.

കള്ളലോട്ടറി ഇടപാടുകാര്‍ക്ക് സുഗമമായി ജനങ്ങളെ പറ്റിക്കാന്‍ എസ്.ഐക്ക് നല്‍കേണ്ടത് 3000 രൂപ മുതല്‍ 5000 രൂപ വരെയാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കേണ്ടത് ഒരു ലക്ഷം രൂപ, വ്യാജ ലോട്ടറി വില്‍ക്കണമെങ്കില്‍ സ്‌റ്റേഷനിലെ റൈറ്റര്‍ക്ക് നല്‍കേണ്ടത് ആയിരം രൂപയാണ്. കള്ളക്കടത്ത് കേസുകളില്‍ കൈപ്പറ്റുന്നത് 20,000 രൂപ. മയക്കുമരുന്ന് വില്‍പ്പന, ഗുണ്ടായിസം, നിയമവിരുദ്ധമായ ചീട്ടുകളി, മസാജ് പാര്‍ലറുകളുടെ നടത്തിപ്പ് തുടങ്ങി ഏത് തരം കുറ്റകൃത്യങ്ങള്‍ക്കും കൈക്കൂലി കൃത്യമായി എത്തിയാല്‍ ഏമാന്‍മാരുടെ മൗനാനുവാദമുണ്ടാകും.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ജാമ്യം തരപ്പെടുത്തിക്കൊടുക്കല്‍, എഫ്.ഐ.ആര്‍ കോപ്പി, മണല്‍ മാഫിയ തുടങ്ങി ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും കൈക്കൂലി നിര്‍ബന്ധമാണ്. വാഹനങ്ങള്‍ പരിശോധിക്കാനിറങ്ങുമ്പോള്‍ പെട്രോള്‍ അടിക്കാനുള്ള തുകയായ നൂറ് രൂപ മുതല്‍ കൊടും കുറ്റങ്ങളിലെ ഒത്തുതീര്‍പ്പിന് ലക്ഷങ്ങള്‍ വരെ കൈക്കൂലിയായി വാങ്ങും. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വ്യാപക പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയിരുന്നു.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എസ്.പിയുടെ താക്കീതുമുണ്ട്. സേനയ്ക്കുള്ളിലെ അഴിമതിക്കാരെ കണ്ടാത്താനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഇനിയും കൈക്കൂലി വാങ്ങി ജനങ്ങളെ കൊള്ളയടിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം ഉദ്യോഗസ്ഥരുടെ പേരു സഹിതം പുറത്ത് വിടുമെന്നാണ് സേലം എസ്.പിയുടെ മുന്നറിയിപ്പ്. ഹൈദരാബാദ് സ്വദേശിയായ സേലം എസ്പിക്ക് ചുമതലയേറ്റപ്പോള്‍ മുതല്‍ കൈക്കൂലി സംഭന്ധിച്ച പരാതികള്‍ കിട്ടിയെങ്കിലും അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. ഇതോടെയാണ് രഹസ്യ സംഘത്തെ ഇതിനായി നിയോഗിച്ചത്.

Top