ബംഗളൂരു: ഐ.പി.എസ് ഉദ്യോഗസ്ഥയായ മുന്‍ ഭാര്യ മക്കളെ കാണാന്‍ അനുവദിക്കാത്തതിനാല്‍ ധര്‍ണ സമരം നടത്തി ഐ.പി.എസ് ഉദ്യോഗസ്ഥന്‍. ഞായറാഴ്ച വൈകീട്ട് 5.30ന് വസന്ത്നഗറില്‍ താമസിക്കുന്ന മുന്‍ ഭാര്യയുടെ വീടിനു മുന്നിലാണ് കലബുറഗി ആഭ്യന്തര സുരക്ഷാ വിഭാഗം പൊലീസ് സൂപ്രണ്ടായ അരുണ്‍ രംഗരാജന്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ധര്‍ണയിരുന്നതിനാല്‍ സ്ഥലത്തെത്തിയ പൊലീസുകാരും എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി. മക്കളെ കാണാന്‍ മുന്‍ ഭാര്യ അനുവദിക്കുന്നില്ലെന്നാണ് അരുണ്‍ ആരോപിക്കുന്നത്. ധര്‍ണ തുടങ്ങിയതോടെ മുന്‍ ഭാര്യയും ഹോം ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജനറലുമായ ഇലക്കിയ കരുണാകരന്‍ പൊലീസിനെ വിളിക്കുകയായിരുന്നു.
അരുണ്‍ ആവശ്യമില്ലാതെ പ്രശ്‌നമുണ്ടാക്കുകയാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ താന്‍ സമാധാനപരമായി ധര്‍ണയിരിക്കുകയാണെന്ന് അരുണ്‍ പൊലീസിനോട് അറിയിച്ചു. തുടര്‍ന്ന് രണ്ടു മക്കളെയും കണ്ടശേഷമാണ് അരുണ്‍ ധര്‍ണ അവസാനിപ്പിച്ച് മടങ്ങിയത്. കര്‍ണാടകത്തിലെത്തുന്നതിനുമുമ്പ് ഇരുവരും ഒന്നിച്ച് ഛത്തിസ്ഗഢില്‍ ജോലിചെയ്തിരുന്നു. അവിടെ വെച്ചാണ് വിവാഹിതരായിരുന്നത്.