ബെംഗളൂരു: മുന്‍ ഭാര്യ മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് മുന്‍ ഭാര്യയുടെ വീടിന് മുന്നില്‍ കുത്തിയിരുന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രതിഷേധം. ബെംഗളൂരുവിലെ വസന്ത് നഗറിലാണ് സംഭവം. കല്‍ബുര്‍ഗി പൊലീസ് ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷന്‍ സൂപ്രണ്ട് അരുണ്‍ രംഗരാജനാണ് വീടിനുമുന്നില്‍ കുത്തിയിരിപ്പ് നടത്തുന്നത്. അരുണിന്റെ മുന്‍ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയാണ്. ഇന്നലെ വൈകുന്നേരം മുതലാണ് അരുണ്‍ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ഇരുവരും ആദ്യം ജോലി ചെയ്തിരുന്നത് ഛത്തീസ്ഗഡില്‍ ആയിരുന്നു. പിന്നീട് ഭാര്യക്ക് കര്‍ണാടകയിലേക്ക് മാറണമെന്ന് പറയുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അരുണ്‍ പറയുന്നു. വിവാഹ മോചന നടപടിക്രമങ്ങള്‍ നടക്കുമ്പോഴും ഒരുമിച്ചായിരുന്നു ഇരുവരുടെയും താമസം. വീണ്ടും തര്‍ക്കമായതോടെയാണ് കുട്ടികളെ കാണാന്‍ അനുവദിക്കാത്തതെന്നാണ് അരുണ്‍ പറയുന്നത്. രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. എന്തായാലും മക്കളെ കാണാന്‍ അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അരുണ്‍ രംഗരാജന്‍ കൂട്ടിച്ചേര്‍ത്തു.