രാജ്യത്തിന്റെ ക്രമസമാധാന പാലനത്തിൽ തിളങ്ങി നിൽക്കുന്ന 10 ഐ.പി.എസുകാർ

ips_officers

സുരക്ഷ എന്നും ഈ കൈകളില്‍ ഭദ്രമാണ്, നട്ടെല്ലുള്ള… ചങ്കുറപ്പുള്ള ഒരു സംഘം ഐപിഎസ് ഉദ്യോഗസ്ഥരുണ്ട് നമ്മളെ കാക്കാന്‍.നമ്മുടെ പോലീസ് സേന കണ്ണിമ ചിമ്മാതെയാണ് രാജ്യത്തിന്റെ മുക്കും മൂലയും സംരക്ഷിക്കുന്നത്. നിയമ പാലനം, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നതും ഇവര്‍ തന്നെയാണ്.  ഇതില്‍ നമുക്ക് ഏറെ അഭിമാനിക്കാം

ഒരു സമൂഹത്തിന്റെയാകെ സുരക്ഷ ഏറ്റെടുക്കാന്‍ കഴിയുന്ന ഒരാള്‍ക്ക് മാത്രമേഒരു നല്ല പോലീസ് ഓഫീസറാകാന്‍ യോഗ്യതയുള്ളു. അതു തന്നെയാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.

ഇന്ത്യന്‍ പൊലീസ് സേനയിലെ പലരും അഴിമതി, രാഷ്ട്രീയഭ്രാന്ത്, അധികാര ഭ്രാന്ത് തുടങ്ങിയ പ്രശ്‌നങ്ങളില്‍ അകപ്പെട്ടു പോയിട്ടുണ്ട്. പല പ്രമുഖരും വീണു പോയിട്ടുമുണ്ട്. എന്നാല്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പല മുഖങ്ങള്‍ നമുക്കു മുമ്പില്‍ വന്നു പോകാറുണ്ട്. പലരും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരം നിരവധി പേര്‍ നമ്മുടെ സേനയില്‍ ഇപ്പോഴുമുണ്ട്. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും തളര്‍ന്നു പോകാതെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്ന..
രാജ്യത്തിന്റെ നട്ടെല്ലായി ഉയര്‍ന്നു നില്‍ക്കുന്ന ചിലര്‍ ഇവിടെ ഉണ്ട്.

1. മനീഷ് ശങ്കര്‍ ശര്‍മ്മ

manishs

എന്നും എപ്പോഴും ഭീകരതയ്‌ക്കെതിരെ പോരാടിയ സീനിയര്‍ ഐപിഎസ് ഓഫീസര്‍ ആണ് മനീഷ് എസ്. ശര്‍മ്മ എന്നറിയപ്പെടുന്ന മനീഷ് എസ് ശങ്കര്‍. ഇ-ടെററിസം ഇന്ന് ഏറ്റവും കൂടുതല്‍ രാജ്യം ഭയക്കുന്ന ഭീകരതയാണ്. ഇതിനെതിരെ പടപൊരുതിയ ഓഫീസറാണ് ഇദ്ദേഹം. മധ്യപ്രദേശ് കേഡറിലെ ഐപിഎസ് ഓഫീസറാണ് മനീഷ് എസ് ശര്‍മ്മ. നിലവില്‍ എഡിജിപിയാണ്.

മനീഷ് വിവിധ മേഖലകളില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമാധാന പരിപാലനം , നിയമ പരിപാലനം, ഇ-മേഖലകളിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ നിരവധി സംഭാവനകള്‍ രാജ്യത്തിന് സമ്മാനിച്ചിട്ടുണ്ട്. നഗരങ്ങളിലെ കുറ്റകൃത്യങ്ങള്‍ വളരെ എളുപ്പം അറിയാന്‍ ഇ- റിപ്പോര്‍ട്ടിങ്ങ് സംവിധാനം, വ്യോമയാന മേഖലയില്‍ ഹാജാക്കിങ് വിരുദ്ധ നയം, റെയില്‍വേ സുരക്ഷ പ്രതികരണ ഗ്രൂപ്പുകള്‍ തുടങ്ങിയവ നടപ്പില്‍ വരുത്താന്‍ മനീഷിന് സാധിച്ചു.

അതുകൊണ്ടു തന്നെ നഗരങ്ങളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കൃത്യമായി അറിയാനും മനസിലാക്കാനും സാധിക്കുന്നു. ഇത് രാജ്യത്തിന്റെ രഹസ്യന്വേഷണ സേനയ്ക്ക് വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായകമാണ്. അത് പോലെ സമൂഹ മാധ്യമങ്ങളില്‍ എന്നും സജീവമാണ് ഇദ്ദേഹം.

പോലീസ് സേനയിലെ താഴെ തട്ടില്‍ നില്‍ക്കുന്നവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആനൂകൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിലും സുപ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടിയതിന് മാര്‍ച്ച് 2017-ല്‍ ജൂറി അംഗങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇദ്ദേഹത്തെ നാഷണല്‍ ലോ ഡേ അവര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

2.മനോജ് എബ്രഹാം

 

manoj

കേരളത്തിലെ സൈബര്‍ പ്രതിരോധത്തിന്റെ കുന്തമുനയാണ് ഐ.ജി മനോജ് എബ്രഹാം. കണ്ണൂരില്‍ എസ്.പിയായിരിക്കെ രാഷ്ട്രീയ കലാപങ്ങള്‍ അടിച്ചമര്‍ത്തിയാണ് തുടക്കം. ഇപ്പോള്‍ ഐ.ജി ആയിരിക്കുമ്പോഴും ഫീല്‍ഡില്‍ ഇറങ്ങി ആക്ട് ചെയ്യാന്‍ മടിയില്ലാത്ത ഉദ്യോഗസ്ഥനാണ്.

ഏത് വെല്ലുവിളികളും മുഖാമുഖം നേരിടാന്‍ മടിയില്ലാത്ത ഈ ഉദ്യോഗസ്ഥന്‍ ക്രിമിനലുകളുടെ പേടിസ്വപ്നമാണ്. ഏത് സര്‍ക്കാറിനാണെങ്കിലും വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ പറ്റും എന്നതിന്റെ തെളിവാണ് ദീര്‍ഘകാലമായി ക്രമസമാധാന ചുമതലയില്‍ തുടരുന്നത്.

1994 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം. നിലവില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ്. കേരള പോലീസിന്റെ സൈബര്‍ഡോം  നോഡല്‍ ഓഫീസറാണ്.

കാസര്‍ഗോഡ് എ.എസ്.പിയായാണ് ഇദ്ദേഹം സര്‍വീസ് ആരംഭിച്ചത്. സാമൂഹിക നയപരിപാടികള്‍ക്കും ട്രാഫിക് പരിഷ്‌ക്കരണങ്ങളും നടപ്പില്‍ വരുത്തി. നിരവധി പുരസ്‌ക്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിയമ നിര്‍മ്മാണം കൊണ്ടു വരുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്

സാമൂഹിക നയപരിപാടികള്‍ക്കും ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കും മനോജ് എബ്രഹാം അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 2009ല്‍ റോട്ടറി ഇന്റര്‍ നാഷണലിന്റെ വൊക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി.2010-ല്‍ മെന്‍സ് ഇന്റര്‍നാഷണലില്‍ നിന്നും അദ്ദേഹം ഒരു പുരസ്‌കാരം ഏറ്റുവാങ്ങി.

2011-ല്‍ കൊച്ചിയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, നിയമ നിര്‍മ്മാണം കൊണ്ടു വന്നതിനും, കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്ത സംഭാവനകളെ മുന്‍ നിര്‍ത്തി ഇദ്ദേഹത്തിന് കൊച്ചിയുടെ പീപ്പിള്‍ ഫോറം “മാന്‍ ഓഫ് ദ ഡക്കേഡ് അവാര്‍ഡ്” നല്‍കി ആദരിച്ചു.

2014-ല്‍ സര്‍ക്കാരിന്റെ സുരക്ഷ കാര്യങ്ങളിലെ സംഭാവനകളെ ആധാരമാക്കി കേരള ഗവര്‍ണറുടെ സ്‌പെഷല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. 2014-ല്‍ പ്രത്യേക ബഹുമതിയായ ഇന്‍ഫോ മാസ്റ്റീരിയെ അവാര്‍ഡ്, 2016-ല്‍ സൈബര്‍ സുരക്ഷയില്‍ സെബര്‍ ഡോം പദ്ധതി, സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും ഇതിന്റെ പ്രവര്‍ത്തന മികവില്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു.

കേരള പോലീസിന്റെ സൈബര്‍ ഡോം പദ്ധതി നടപ്പിലാക്കിയത് മനോജ് എബ്രഹാം ആണ്‌. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഒരേസമയം കേരള പൊലീസിന്റെ പരിചയും വാളുമാണു സൈബര്‍ ഡോം.കേരള പോലീസിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐടി ഗ്രൂപ്പാണ് സൈബര്‍ഡോം.

സൈബര്‍ മേഖലയിലെ ചതികുഴികളും തട്ടിപ്പുകളും, കുറ്റകൃത്യങ്ങളും കണ്ടെത്തി പോലീസിനെ അറിയിക്കുക എന്നതാണ് ഇതിന്റെ പ്രവര്‍ത്തന രീതി. ഇതിന് നേതൃത്വം കേരള പോലീസാണ്. സൈബര്‍ വിഷയങ്ങളിലെ വിവര ശേഖരണം, കൈമാറ്റം, ഭീഷണികള്‍ക്കെതിരായ പ്രതിരോധം, സൈബര്‍ തീവ്രവാദത്തിനെതിരായ ജാഗ്രത എന്നിവയെല്ലാം ഈ കൂട്ടായ്മ കൈകാര്യം ചെയ്യുന്നു.

കുട്ടികളെ ബോധവത്ക്കാരിക്കാനുള്ള പുതിയ പദ്ധതിയായ “കിഡ്‌സ്ഗ്ലോവ്നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് മനോജ് എബ്രഹാം. ഓണ്‍ലൈന്‍ ഗെയിമുകളെ കുറിച്ച് സ്‌കൂള്‍ കുട്ടികളില്‍ ബോധവത്ക്കരണം നടത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം

3.മഹേഷ് മുരളിധര്‍ ഭഗവത്

WhatsApp Image 2017-12-30 at 6.24.35 PM

 

തെലങ്കാന കേഡര്‍ ഐപിഎസ് ഓഫീസറാണ് മഹേഷ് മുരളിധര്‍ ഭഗവത്. നിലവില്‍ റച്ചകോണ്ട പോലീസ് കമ്മീഷണറാണ് മഹേഷ് മുരളീധര്‍ ഭഗവത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇദ്ദേഹത്തിനെ പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. അമേരിക്കയുടെ അവാര്‍ഡിന് പരിഗണിക്കുന്ന മൂന്നാമത് വ്യക്തിയാണ് ഇദ്ദേഹം.

വിദേശത്തേക്കും സ്വദേശത്തേക്കുമുള്ള മനുഷ്യ കടത്തിനെതിരെ പോരാടിയ ഓഫീസറാണ് ഇദ്ദേഹം. പല ഓപ്പറേഷനുകളും പൊളിച്ചടുക്കിയിരുന്നു. മനുഷ്യക്കടത്ത് , മയക്കുമരുന്നു കടത്തല്‍ തുടങ്ങിയ മേഖലയിലെ കുറ്റകൃത്യങ്ങള്‍, മനുഷ്യ കടത്തിനെതിരെ ത്വരിത അന്വേഷണങ്ങളും, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

നിരവധി പാവങ്ങളെ ഇതില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മൈനുകളില്‍ ബാലവേല ചെയ്തിരുന്ന 350ഓളം കുട്ടികളെ ഇദ്ദേഹം രക്ഷിക്കുകയും, തുടര്‍ വിദ്യാഭ്യാസത്തിന് വേണ്ടി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

നിയമത്തിന്റെ പിന്‍ബലത്തില്‍ മനുഷ്യകടത്ത് , മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുന്ന മേഖലകള്‍ കണ്ടെത്താനും, നടപടി സ്വീകരിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 20 വേശ്യാലയങ്ങള്‍, വീടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അനാശാസ്യങ്ങള്‍, 5 ഹോട്ടലുകള്‍ എന്നിവ കണ്ടെത്തുകയും പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.തൊഴിലായി മനുഷ്യ കടത്ത് നടത്തുന്നത് കണ്ടെത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.

13 വര്‍ഷത്തെ മഹേഷിന്റെ സേവനത്തിനിടെ ആയിരക്കണക്കിന് കുട്ടികളേയും,സ്ത്രീകളേയും രക്ഷിക്കാന്‍ സാധിച്ചു. ലൈംഗീക ആവശ്യത്തിനായി കടത്തലില്‍ നിന്നും രക്ഷപ്പെടുത്തിയ 800 കുട്ടികളെ നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കാനും മഹേഷിന് സാധിച്ചിട്ടുണ്ട്.

4. പി. വിജയന്‍

vijayan

കാക്കിയുടെ കാര്‍ക്കശ്യത്തിനും അപ്പുറം ഭരണാധികാരികളെ പോലും അമ്പരപ്പിക്കുന്ന പദ്ധതികള്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥനാണ് എറണാകുളം റേഞ്ച് ഐ.ജി പി.വിജയന്‍. കേരള കേഡറിലെ ഐ.പി.എസ്. ഓഫീസറാണ് ഇദ്ദേഹം.

പി. വിജയന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് ജനകീയം-2006 എന്ന പേരില്‍ സ്റ്റുഡന്റ് പൊലീസിന്റെ ആദ്യ രൂപത്തിന് തുടക്കമിട്ടത്. 2008-ല്‍ സ്റ്റുഡന്റ് പോലീസ് പദ്ധതിയായി അത് രൂപാന്തരം പ്രാപിച്ചു. 2010-ല്‍ കേരള സര്‍ക്കാര്‍ പദ്ധതിയായി പ്രഖ്യാപിക്കുകയും, പി. വിജയന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറായി ചുമതലയേല്‍ക്കുകയും ചെയ്തു. നിലവില്‍ സംസ്ഥാനത്ത് 420 സ്‌കൂളുകളിലായി 32,000 കുട്ടികള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുണ്ട്.

ശബരിമലയുടെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ വ്യത്യസ്തവഴികള്‍ തേടിയ “പുണ്യം പൂങ്കാവനം” എന്ന പദ്ധതിക്ക് രൂപം നല്‍കിയത് അന്നത്തെ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന ഇദ്ദേഹമാണ്. മാലിന്യപ്രശ്‌നവും,പ്‌ളാസ്റ്റിക്കിന്റെ വ്യാപനവും പരിധി ലംഘിച്ചിരുന്ന ശബരിമലയില്‍, വ്യത്യസ്ത വഴിയിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിയോഗിച്ചിരുന്ന തൊഴിലാളികള്‍ക്കൊപ്പം, ഇവിടെ ജോലിക്കായി എത്തുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, പൊലീസുകാര്‍ അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ ഇവരൊക്കെ പങ്കാളികളായി. ഊഴമനുസരിച്ച് മാലിന്യം നീക്കി മാതൃകയായി. ഒപ്പം കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിച്ച ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരും കൂടിയതോടെ പുണ്യം പൂങ്കാവനം വേറിട്ട നിലയിലായി.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ് ,ചേലാമ്പ്ര ബാങ്ക് കവര്‍ച്ച കേസ്, പ്രധാനമന്ത്രിക്കെതിരെയുള്ള ഈ-മെയില്‍ ഭീക്ഷണി കത്ത്, തുടങ്ങി പ്രധാന്യമുള്ള കേസുകള്‍ അന്വേഷിച്ചത് പി. വിജയന്റെ നേതൃത്വത്തിലായിരുന്നു.

സി.എന്‍.എന്‍-ഐ.ബി.എന്നിന്റെ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ 2014 ആയി തിരഞ്ഞെടുക്കപ്പെട്ടു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ഈ ഉദ്യോഗസ്ഥന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

5.ആസ്ര ഹാര്‍ഗ്

asragarg

തമിഴ്‌നാട് കേഡറിലെ ഐപിഎസ് ഓഫീസറാണ് ആസ്ര ഗാര്‍ഗ്. ജനകീയനായ പോലീസ് ഓഫീസറാണ് ഇദ്ദേഹം. നിലവില്‍ തിരുനെല്‍വേലി റൂറല്‍ എസ്പിയാണ്.

കൊലപാതകവും, കവര്‍ച്ചയും,ജാതീയതയും അരങ്ങുവാണ തമിഴ്‌നാടിന്റെ ഹൃദയനാടായ ചെന്നൈ നഗരത്തെ ക്രമസമാധന നിലയിലേക്ക് തിരികെ കൊണ്ടു വന്ന ഉദ്യോഗസ്ഥനാണ് അസ്ര ഗാര്‍ഗ്. കൊലപാതകങ്ങള്‍ക്കുപരി വര്‍ഗ്ഗീയതയായിരുന്നു ഇവിടുത്തെ ഏറ്റവും വലിയ വെല്ലുവിളി. പോലീസിന് അനിയന്ത്രിതമായിരുന്നു ഇവിടുത്തെ സാഹചര്യം. എന്നാല്‍ നിരന്തരമായ ഇദ്ദേഹത്തിന്റെ ഇടപ്പെടല്‍ വര്‍ഗ്ഗീയ ശക്തികളെ അടിച്ചമര്‍ത്താന്‍ സാധിച്ചു.

എസിപിയായി മധുരയില്‍ ചുമതലയേറ്റപ്പോള്‍, വര്‍ഗ്ഗിയത മാത്രമല്ല അവിടുത്തെ രാഷ്ട്രീയ നേതാക്കളെ കൂടി നേരിടേണ്ടി വന്നു. അഴഗിരിയുമായി അടുത്തു ബന്ധം പുലര്‍ത്തുന്ന ഒരു നേതാവിനെതിരെയുള്ള പോരാട്ടം പലപ്പോഴും ഇദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണിയായി.

കുറ്റകൃത്യങ്ങള്‍ കൃത്യതയോടെ കണ്ടെത്തുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അസ്രാ. ടിഫിന്‍ ബോക്‌സ് സ്‌ഫോടന കേസ് കൊലപാതകമാണെന്ന് കണ്ടെത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ്. തിരഞ്ഞെടുപ്പു സമയത്തെ അഴിമതിയും, കള്ളപ്പണവും വെളിച്ചത്തു കൊണ്ടു വരാന്‍ ശ്രമിച്ചതും ചീഫ് ഇലക്ഷന്‍ കമ്മീഷന്റെ പ്രത്യേക അനുമോദനത്തിന് പാത്രമായി.

ദളിതര്‍ക്കെതിരെ മറ്റു ഹിന്ദുക്കളുടെ നിലപാട് തീര്‍ത്തും മോശമായിരുന്നു. ഇവിടങ്ങളിലെ വര്‍ഗീയത അടിച്ചമര്‍ത്താനും, പ്രശ്‌നങ്ങള്‍ സമാധാനപരമായി തീര്‍പ്പാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിന് മുന്‍ തൂക്കം നല്‍കിയാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

വായ്പകള്‍ നല്‍കി കിടപ്പാടം പോലും നഷ്ടപ്പെടുന്ന സാധാരണക്കാരെ സമാധാനിപ്പിക്കാനും, ബ്ലേഡ് മാഫിയകള്‍, കൂണു പോലെ മുളച്ചു പൊന്തുന്ന വായ്പ കമ്പനികളെയും അടിച്ചൊതുക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. അതിന് വേണ്ടി വിശ്വസ്തരായ ഒരു പറ്റം പോലീസ് ഓഫീസര്‍മാരെ ഇദ്ദേഹം നിയോഗിച്ചത്. വായ്പ സംഘങ്ങളെ കണ്ടെത്തുകയും സംസ്ഥാനത്തും നിന്നും ഇത്തരം ആള്‍ക്കാരെ തുടച്ചു നീക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

കൂടാതെ, തമിഴ് നാട്ടില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലയായ ധര്‍മ്മപുരിയില്‍ നിലനിന്നിരുന്ന പെണ്‍ ഭ്രൂണഹത്യയ്ക്കും ശിശുഹത്യയ്ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

2015-ല്‍ പൊതു സേവനത്തിലെ മികവിന് മുഖ്യമന്ത്രിയുടെ മെഡല്‍ ഇദ്ദേഹത്തിന് ലഭിച്ചു.

6. രൂപ ദിവാകര്‍ മൗദുഗില്‍

roopa

യിലില്‍ നടക്കുന്ന അഴിമതി തുറന്ന് കാട്ടിയ ധീര വനിത ഐപിഎസ് ഓഫീസറാണ് രൂപ മുദ്ഗില്‍(42).കര്‍ണ്ണാടക ജയില്‍ ഡിഐജി ആയിരുന്നു. നിലവില്‍ കര്‍ണ്ണാടക റോഡ് സുരക്ഷയും ട്രാഫിക് കണ്‍ട്രോളിന്റെയും ചുമതലയിലാണ് രൂപ. കര്‍ണ്ണാടകയിലെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസറാണ്

ഈ വര്‍ഷം ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ് കര്‍ണ്ണാടക ജയിലിലെ ശശികലയുടെ വിവിഐപി പരിഗണന. ശശികലയ്ക്ക് ജയിലില്‍ വിഐപി സൗകര്യം ഏര്‍പ്പാടു ചെയ്ത സീനിയര്‍ ഓഫീസര്‍ ജയില്‍ ഡിജിപി സത്യനാരായണ റാവുവിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രൂപ രംഗത്തെത്തിയിരുന്നു.

എഐഎഡിഎംകെ ദേശീയ ജനറല്‍ സെക്രട്ടറിയും ശശികലയുടെ ഉറ്റതോഴിയുമായ ശശികലയ്ക്ക് പരപ്പനങ്ങാട് അഗ്രഹാര ജയിലില്‍ കിട്ടിയ വിഐപി പരിഗണനയെ കുറിച്ചും, ശശികലയെ ജയിലില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ജയില്‍ അധികൃതര്‍ സഹായിക്കുന്നതുമായ ദൃശ്യങ്ങള്‍ അടക്കം പുറത്ത് കൊണ്ടു വന്ന വനിതാ ഓഫിസറാണ് രൂപ.

രൂപയുടെ ധീര പ്രവര്‍ത്തികള്‍ ഇത് മാത്രമല്ല. 2004ല്‍ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ അറസ്റ്റ്, കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക ഏര്‍പ്പെടുത്തിയ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ നീക്കം ചെയ്യല്‍, പ്രാദേശിക നേതാക്കള്‍ക്കും മേലാധികാരികള്‍ക്കും നല്‍കിയ സൗജന്യ വാഹനങ്ങള്‍ പിടിച്ചെടുക്കാനും നടപടി സ്വീകരിക്കാനുള്ള ചങ്കൂറ്റം കാണിച്ചു.

17 വര്‍ഷം നീണ്ടു നില്‍ക്കുന്ന തന്റെ ഔദ്യോഗിക ജീവിതത്തില്‍ എല്ലാ വര്‍ഷവും രണ്ടു തവണയെങ്കിലും സ്ഥലംമാറ്റപ്പെട്ടു. കര്‍ണ്ണാടക നിയമസഭയുടെ സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ പല തവണ വിളിച്ചു വരുത്തി. രാഷ്ട്രപതിയുടെ പോലീസ് സേവ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. കോളേജ് കാലഘട്ടങ്ങളില്‍ രൂപ രണ്ടു തവണ മിസ് കര്‍ണ്ണാടക പട്ടം അണിഞ്ഞിട്ടുണ്ട്.

7. സഞ്ജുക്താ പരശര്‍

samjoktha

സാമിലെ ‘അയേണ്‍ ലേഡി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വനിത എസ്.പി റാങ്കിലുള്ള ഐപിഎസ് ഓഫീസറാണ് സഞ്ജുക്താ പരശര്‍. ആസാമിലെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസറാണ് സംജുക്ത പരശര്‍. ബോഡോ തീവ്രവാദികളുടെ പേടി സ്വപ്നമാണ് സഞ്ജുക്താ പരശര്‍.

2006 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് സംജുക്ത. ആദ്യത്തെ പോസ്റ്റിങ്ങ് അസിസ്റ്ററ്റന്റ് കമാന്‍ഡന്‍ഡായിട്ടായിരുന്നു. ബോഡോ തീവ്രവാദികളെയും ,ബംഗ്ലാദേശിലെ തീവ്രവാദികളേയും അമര്‍ച്ച ചെയ്യുക എന്നതായിരുന്നു ആദ്യത്തെ ദൗത്യം

16 ബോഡോ തീവ്രവാദികളെയാണവര്‍ വെടിവച്ചു കൊന്നത്. കൗണ്ടര്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയ അഞ്ച് ഡസനിലേറെ പേരെ, 15 മാസത്തിനിടെ അറസ്റ്റു ചെയ്യുകയും ലഹള അമര്‍ച്ച ചെയ്യാനും സഞ്ജുക്തയ്ക്ക് സാധിച്ചിരുന്നു.

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം ചിലവഴിക്കുകയും, പോലീസ് സേനയില്‍ ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി പ്രോത്സാഹിക്കുന്നതിനും സഞ്ജുക്തയ്ക്ക് കഴിഞ്ഞിരുന്നു. നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ അനധികൃത ആയുധങ്ങള്‍ കണ്ടെത്താനും നിയമ നടപടികള്‍ സ്വീകരിക്കാനും, ജനങ്ങളുടെ ലിംഗപരമായ കാഴ്ചപ്പാടുകളില്‍ മാറ്റങ്ങള്‍ വരുത്താനും സഞ്ജുക്താ ശ്രമിച്ചിരുന്നു.

2017ല്‍ വാര്‍ത്തകളില്‍ നിറ സാന്നിധ്യമായിരുന്നു. മാര്‍ച്ച് 7 ന് നടന്ന ബോപ്പാല്‍ഉജ്ജെന്‍ തീവണ്ടിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ എന്‍ഐഎയുടെ സംഘത്തിലെ അംഗമായിരുന്നു സഞ്ജുക്താ പരശര്‍. വനിതാ ശാക്തീകരണത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് ഡല്‍ഹി കമ്മീഷന്‍ ഫോര്‍വുമണ്‍ അവാര്‍ഡും സഞ്ജുക്താ പരശരിനെ തേടിയെത്തിയിരുന്നു.

8. ശിവദീപ് ലാന്‍ഡെ

sandiplande

ബീഹാര്‍ കേഡറിലെ എസ്പി റാങ്കിലുള്ള ഐപിഎസ് ഓഫീസറാണ് ശിവദീപ് ലാന്‍ഡെ. സാധാരണക്കാരുടെ പോലീസ് എന്നാണ് ശിവദീപ് ലാന്‍ഡയെ അറിയപ്പെടുന്നത്. പാറ്റ്‌നയില്‍ ഒമ്പതു മാസങ്ങള്‍ക്കുള്ളില്‍ കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും ഒതുക്കാന്‍ അദ്ദേഹം കഴിഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയാന്‍ നിരവധി പുത്തന്‍ ആശയങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നു.

ഉദാഹരണമായി വനിതാ കോളജുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് വരുന്ന കോളുകള്‍ തന്റെ ഫോണുകളിലേക്ക് തിരിച്ചു വിടാന്‍ തന്റെ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കി. വിദ്യാര്‍ഥികള്‍ക്ക് വരുന്ന വൃത്തിക്കെട്ട കോളുകളും, ഭീഷണി കോളുകള്‍ അഞ്ജാത കോളുകള്‍ തുടങ്ങിയവ കണ്ടെത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.

ശിവദീപ് പാറ്റനയില്‍ ചാര്‍ജെടുത്തതോടെ പാറ്റനയിലെ കുറ്റകൃത്യങ്ങളും കുറഞ്ഞ് തുടങ്ങി. പാറ്റനയില്‍ നിന്ന ശിവദീപിനെ മാറ്റിയപ്പോള്‍ സര്‍ക്കാരിന് വലിയ പ്രതിഷേധമായിരുന്നു നേരിടേണ്ടി വന്നത്. കാരണം അദ്ദേഹം പാറ്റനയുടെ സ്വന്തം മകനായി തീര്‍ന്നിരുന്നു. അതേ സമയം ചാര്‍ജെയുത്ത അറ്റാരിയിലും, ഗണ്‍സ്റ്റോപ്പിന്റെ പ്രവര്‍ത്തനം തുടച്ചു നീക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ബാഹാറിനെ അതിന്റെ യഥാര്‍ഥ ജീവിതത്തിലേക്ക് കൊണ്ടു വന്ന ഓഫീസറാണ് ശിവദീപ്

നിലവില്‍ ശിവദീപ് മുംബെയിലാണ്. മുംബെയിലെ പ്രശ്‌നങ്ങള്‍ക്ക അറുതി വരുത്താനുള്ള നീക്കത്തിന്റെ മുന്നോടിയായാണ് ശിവദീപിനെ മുംബൈയിലേക്ക് മാറ്റിയത്. അതേ സമയം, കൈവെച്ച എല്ലാ മേഖലയിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ ശിവദീപ് ശ്രമിച്ചിട്ടുണ്ട്. ആന്റി നാര്‍കോട്ടിക് സെല്ലിലും, സാമൂഹിക സേവനത്തിലും അദ്ദേഹത്തിന്റെ മാന്ത്രിക സേവനം ഉണ്ടായിരുന്നു.

ബാലവേല ചെയ്യുന്ന കുട്ടികളെ കണ്ടെത്താനും, മയക്കു മരുന്ന് ഇടപ്പാടുകളിലും ലൈംഗീക റാക്കറ്റില്‍ ഉള്‍പ്പെട്ടുപോയ പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനും, വീടുകളിലെ ലൈംഗീക പീഡനം തടയുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിച്ചു.

9.  ഷെയ്ക്ക് ആരിഫ് ഹുസൈന്‍
arifshake

2005 ബാച്ച് ഛത്തിസ്ഗഡ് കേഡറിലെ ഐപിഎസ് ഓഫിസറാണ് ആരിഫ്. നിലവില്‍ ബാലോഡ് എഐജിയാണ്. രാജ്യത്ത് ആദ്യമായി അന്താരാഷ്ട്ര അസോസിയേഷന്‍ ഓഫ് ചീഫ് ഓഫ് പോലിസിന്റെ അവാര്‍ഡ് (ഐഎസിപി അവാര്‍ഡ് ) കരസ്ഥമാക്കിയ ഒരേയൊരു പോലീസ് ഓഫീസറാണ് ആരിഫ് ഷെയ്ക്. തുടര്‍ച്ചയായി രണ്ടു തവണയാണ് ഇദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. 2017- ഒക്ടോബറില്‍ ഫിലാഡെല്‍ഫിയയില്‍ വെച്ചു നടന്ന ചടങ്ങിലാണ് ഇദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്. മാതൃരാജ്യത്തിന്റെ സുരക്ഷ സംബന്ധമായ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതാണ് അവാര്‍ഡ് .

പോലീസും ആദിവാസി സമൂഹങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “ആംചോ ബസ്തര്‍ ആംചോ പോലീസ്” പദ്ധതി നടപ്പാക്കിയതിലൂടെയാണ് അദ്ദേഹത്തിനെ തേടി പുരസ്‌ക്കാരം എത്തിയത്. ഇതിലൂടെ മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതു കൂടാതെ മാവോയിസ്റ്റുകള്‍ക്ക് ബദല്‍ വരുമാനം ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ നല്‍കാനും ആരിഫിന് സാധിച്ചു.

മാവോയിസ്റ്റുകളുടെ ബാലസംഘത്തില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താനും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും, അവരെ കൗണ്‍സിലിങ്ങിലൂടെ പുതിയ ലോകത്തേക്ക് കൊണ്ടു വരാനുമുള്ള പദ്ധതികളും ആരിഫ് ആശൂത്രണം ചെയ്തിരുന്നു.

10. ആര്‍.കെ രവികൃഷ്ണ

rkeravi

ന്ധ്രപദേശിലെ കര്‍ണൂല്‍ ജില്ല പോലീസ് സൂപ്രണ്ടാണ് ആകെ രവികൃഷ്ണ. ആന്ധ്രാപ്രദേശിലെ റായല്‍സീമയില്‍ ഉള്‍പ്പെടുന്ന വില്ലേജാണ് കര്‍ണ്ണൂല്‍.

ആന്ധ്രപ്രദേശിലെ തന്നെ മറ്റൊരു ഗ്രാമമാണ് കപത്രാല. രവികൃഷ്ണ ചാര്‍ജെടുക്കുന്നതുവരെ ഇവിടം കുരുതിക്കളമായിരുന്നു. കൊലപാതകങ്ങളുടേയും, പ്രതികാരങ്ങളുടേയും നാടായിരുന്ന കപത്രാല ആകെ രവികൃഷ്ണയ്ക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ അദ്ദേഹം കലാപങ്ങളേയും, വര്‍ഗീയതയേയും അടിമച്ചമര്‍ത്തുക തന്നെ ചെയ്തു.

ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുറികള്‍ നിര്‍മ്മിക്കുന്നതിനായുള്ള 60 കോടി രൂപയുടെ ഫണ്ട് കലക്ടറുടെ സഹായത്തോടെ നടപ്പിലാക്കി. ഗ്രാമത്തിലെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായി. ഗ്രാമത്തിലേക്ക് റോഡുകള്‍, സാക്ഷരതാ പരിപാടികള്‍, കൂടാതെ നിരവധി സംരഭങ്ങള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും ആശയങ്ങളും, കൊണ്ടവന്നു

ഗ്രാമത്തിലെ ജനങ്ങളുടെ ബോധവത്ക്കരണം, അവയവദാനത്തിനെ കുറിച്ച് ജനങ്ങലെ ബോധവത്ക്കരിക്കാനും, അതിനായി അവരെ സജ്ജരാക്കാനും അദ്ദേഹത്തിന് സാധിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആ വില്ലേജിലെ 1,5 ലക്ഷം പേരും നേത്രദാനത്തിനായി ഒരുങ്ങുകയായിരുന്നു. കര്‍ണ്ണൂല്‍ വില്ലേജിലെ ഒന്നര ലക്ഷം പേര്‍ നേത്രദാനത്തിന്റെ സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയത് ഏറെ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

റിപ്പോര്‍ട്ട്: സുമി പ്രവീണ്‍

Top