തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ ശക്തമായി പ്രതികരിക്കുകയും ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയും ചെയ്യുന്ന പ്രതിപക്ഷം തങ്ങളുടെ ഭരണകാലത്ത് നടത്തിയതും നിയമവിരുദ്ധം.
രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് മതിയായ കാരണമില്ലാതെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റരുതെന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് ഐ പി എസ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ പരസ്യമായി ലംഘിച്ച് തലങ്ങും വിലങ്ങും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സ്ഥലം മാറ്റിയിരുന്നു.
യുവ ഐപിഎസുകാരായ അജിത ബീഗം, മഞ്ജുനാഥ്, പുട്ട വിമലാദിത്യ, ഉമ ബഹ്‌റ, രാജ്പാല്‍ മീണ, ഡോ.ശ്രീനിവാസ് തുടങ്ങി നിരവധി യുവ ഐപിഎസുകാരാണ് ഇങ്ങനെ അകാരണമായി തെറിച്ചത്.
പകരം പ്രമോട്ടികളായ ഇഷ്ടക്കാര്‍ക്കാണ് സര്‍ക്കാര്‍ നിയമനം നല്‍കിയിരുന്നത്. ജില്ലാ പൊലീസ് ചീഫായി ചാര്‍ജെടുത്ത് ആറ് മാസം പോലും പൂര്‍ത്തിയാകും മുന്‍പായിരുന്നു ഇവരില്‍ പലരുടെയും സ്ഥലമാറ്റം.
സര്‍വ്വീസില്‍ മികച്ച പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച് ഐ പി എസ് അസോസിയേഷന്‍ രംഗത്തുവരികയും തങ്ങളുടെ പ്രതിഷേധം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരിട്ട് കണ്ട് അറിയിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സ്ഥലമാറ്റം ചോദ്യം ചെയ്ത് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ യുവ ഐപിഎസുകാര്‍ സമീപിക്കുകയും ചെയ്തു.
അപകടം മണത്ത സര്‍ക്കാറിന് പിന്നീട് ഇവരില്‍ പലര്‍ക്കും ക്രമസമാധാന ചുമതലയില്‍ നിയമനം നല്‍കേണ്ടിയും വന്നിരുന്നു.
2005-ല്‍ സംസ്ഥാന പൊലീസിലെ സീനിയറായ ഉപേന്ദ്രവര്‍മ്മയെയും എംജിഎ രാമനെയും പരിഗണിക്കാതെ ഹോര്‍മിസ് തരകനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതും അന്നത്തെ യു ഡി എഫ് സര്‍ക്കാറാണ്.
ഭരണം മാറുന്ന ഘട്ടത്തില്‍ പൊലീസ് തലപ്പത്ത് മാറ്റം വരുത്തുന്നത് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടര്‍ന്ന് വന്നിരുന്ന പൊതു ‘നയമാണ് ‘ സുപ്രീം കോടതി നിര്‍ദ്ദേശം വരുന്നതിന് മുന്‍പും കേരളത്തില്‍ ഇങ്ങനെയൊക്കെ തന്നെയായിരുന്നു കാര്യങ്ങള്‍.
91- ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ കെ.കരുണാകരന്‍ ആദ്യമായി സെക്രട്ടറിയേറ്റിലെത്തിയപ്പോള്‍ ഒപ്പിട്ട ഫയല്‍ ഇടതു സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന പൊലീസ് മേധാവി രാജഗോപാല്‍ നാരായണനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുന്ന ഫയലായിരുന്നു.
ഇ കെ നായനാരുടെ ഭരണകാലത്ത് ഏറ്റവും സീനിയറായ ഡിജിപി ബി എസ് ശാസ്ത്രിയെ നിയമിക്കാതെ എഡിജിപി പി.ആര്‍ ചന്ദ്രനെ നിയമിക്കുന്ന സാഹചര്യവുമുണ്ടായി. അക്കാലത്തൊന്നും സ്ഥലമാറ്റങ്ങള്‍ വലിയ വിവാദമാവുകയോ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിക്കുകയോ ചെയ്തിരുന്നില്ല.