ഐ.പി.എസ് . . . ഇന്ത്യന്‍ പൊളിറ്റിക്കല്‍ സര്‍വ്വീസല്ലെന്ന് ബി.ജെ.പിക്ക് അറിയില്ലേ ?

.പി.എസ് എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ സര്‍വ്വീസല്ല, ഇന്ത്യന്‍ പൊലീസ് സര്‍വ്വീസാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് അറിയില്ലേ?

എ.എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന കണ്ടാല്‍ ഏതൊരു സാധാരണക്കാരനും തോന്നും അദ്ദേഹം ഉദ്യേശിച്ചത് ഇന്ത്യന്‍ പൊളിറ്റിക്കല്‍ സര്‍വ്വീസാണെന്ന്. നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം വന്ന ഈ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയാണ് യഥാര്‍ത്ഥത്തില്‍ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചത്. മന്ത്രിയോട് പൊലീസ് കമ്മീഷണര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കു കയറി ഇടപെട്ട് പ്രകോപനം ഉണ്ടാക്കിയത് കേരളം കണ്ടതാണ്.

യതീഷ് ചന്ദ്ര സൂക്ഷിച്ചൊന്നു നോക്കിയപ്പോള്‍ നോക്കി പേടിപ്പിക്കുകയാണോ എന്ന് ചോദിച്ച രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ പൊലീസ് നടപടി വിളിച്ചു വരുത്താനാണ് ശ്രമിച്ചത് എന്ന് വ്യക്തം. മന്ത്രിയുടെ ഒപ്പം അല്ലായിരുന്നു എ.എന്‍ രാധാകൃഷ്ണനെങ്കില്‍ ഇത്തരമൊരു പ്രതികരണം നടത്താന്‍ അദ്ദേഹം ധൈര്യപ്പെടുമായിരുന്നുവോ എന്നതും പ്രസക്തമായ ചോദ്യം തന്നെയാണ്.

രാധാകൃഷ്ണന്‍ കയര്‍ത്ത് സംസാരിക്കുകയും യതീഷ് ചന്ദ്ര മുഖത്തേക്ക് നോക്കി കടുപ്പിക്കുകയും ചെയ്തപ്പോള്‍ ശരിക്കും ചങ്കിടിച്ചത് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ്. അടി ഇപ്പോള്‍ പൊട്ടും എന്ന് പൊലീസുകാര്‍ പോലും ആശങ്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. യതീഷ് ചന്ദ്രയുടെ സ്വഭാവം വച്ച് ഇത്തരം ഘട്ടത്തില്‍ എങ്ങനെയാണ് അദ്ദേഹം പ്രതികരിക്കുക എന്നത് കേരളം പലവട്ടം കണ്ടതിനാല്‍ ഈ രംഗങ്ങള്‍ ലൈവായി കണ്ട ജനങ്ങളും ആകാംഷയില്‍ തന്നെയായിരുന്നു.

ശബരിമല ദര്‍ശനത്തിന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം എ.എന്‍ രാധാകൃഷ്ണന്‍ വന്നത് കൊണ്ടു മാത്രമാണ് സംഘര്‍ഷം ഒഴിവായതെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും.

yatheesh 2

നിലയ്ക്കലില്‍ നിന്നും മന്ത്രി വാഹനം കടത്തിവിടാമെന്ന് പറഞ്ഞിട്ടും അത് പരിഗണിക്കാതെ കൂടെ ഉള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടണമെന്ന് കേന്ദ്ര മന്ത്രി തന്നെ ആവശ്യപ്പെട്ടത് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജ്ജവം ഈ ഐ.പി.എസുകാരന്‍ കാണിച്ചതില്‍ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം.

സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് പോയാല്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും അങ്ങനെയായാല്‍ അതിന്റെ ഉത്തരവാദിത്വം മന്ത്രി ഏറ്റെടുക്കുമോ എന്ന യെതീഷ് ചന്ദ്രയുടെ ചോദ്യം ശരിക്കും മന്ത്രിയെ തന്നെ അമ്പരപ്പിച്ചു കളഞ്ഞു. സല്യൂട്ടടിച്ച കൈകളിലെ വിരലുകള്‍ തനിക്കു നേരെ ചൂണ്ടി സംസാരിക്കാന്‍ ചങ്കൂറ്റം കാണിച്ച ഐ.പി.എസുകാരനോട് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മന്ത്രി പിന്‍വാങ്ങിയത് പിന്നീട് വരാനിടയുള്ള കുരുക്ക് ഓര്‍ത്തിട്ടു തന്നെയാണ്.

അല്ലെങ്കില്‍ യതീഷ് ചന്ദ്ര ആവശ്യപ്പെട്ട പ്രകാരം മന്ത്രിക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ നിര്‍ദ്ദേശിക്കാമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയലളിതയുടെ ഭരണകാലത്ത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ച ടി.ആര്‍.ബാലു ഉള്‍പ്പെടെയുള്ള രണ്ട് കേന്ദ്ര മന്ത്രിമാരെ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത സംഭവം എ.എന്‍ രാധാകൃഷ്ണന്‍ മറന്നാലും തമിഴ് നാട്ടുകാരനായ പൊന്‍ രാധാകൃഷ്ണന്‍ ഒരിക്കലും ഓര്‍ക്കാതിരിക്കാന്‍ തരമില്ല.

അന്ന് യു.പി.എ ഭരണത്തില്‍ പ്രധാന ഘടക കക്ഷിയും നിരവധി കേന്ദ്ര മന്ത്രിമാരടക്കം ശക്തമായ സ്വാധീനവുമുള്ള പാര്‍ട്ടി ആയിരുന്നു ഡി.എം.കെ എന്നതും ഓര്‍ക്കണം. ആ പാര്‍ട്ടിയുടെ എല്ലാമായ കരുണാനിധിയെ തന്നെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ചവരുടെ പിന്‍മുറക്കാര്‍ തന്നെയാണ് യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള യുവ ഐ.പി.എസുകാര്‍.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ക്രമസമാധാന പാലനം സ്റ്റേറ്റിന്റെ ചുമതലയാണ്. ഐ.പി.എസും ഐ.എ.എസും കേന്ദ്ര സര്‍വീസാണെന്ന് കരുതി അവരെ വിരട്ടി വരുതിയിലാക്കാം എന്ന് കരുതിയാല്‍ അത് നടപ്പുള്ള കാര്യമല്ലെന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതാക്കള്‍ മനസ്സിലാക്കണം.

യതീഷ് ചന്ദ്രക്ക് കറുത്ത ആളുകളോട് അവജ്ഞയാന്നെന്ന് ആരോപിച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ശരിക്കും അപമാനിച്ചത് സ്വന്തം പാര്‍ട്ടിയുടെ കേന്ദ്ര മന്ത്രിയെ തന്നെയാണ്. ആളുകളുടെ നിറവും കൊടിയും ഒന്നും നോക്കി ഒരു പൊലീസുകാരനും രാജ്യത്ത് നിയമം നടപ്പാക്കാന്‍ കഴിയില്ല.

yatheesh 1

നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ച പ്രതിഷേധക്കാരെ അടിച്ചോടിച്ച പൊലീസ് ഓപ്പറേഷന് നേതൃത്വം കൊടുത്തപ്പോള്‍ ഐ.ജി മനോജ് എബ്രഹാമിനെ ജാതീയമായി അധിഷേപിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ വീണ്ടും ജാതീയത ആയുധമാക്കി രംഗത്ത് വന്നിരിക്കുന്നത്.

യതീഷ് ചന്ദ്ര ഹിന്ദുവായതിനാല്‍ മതപരമായ ആക്രമണം വിലപ്പോവില്ലെന്ന് കണ്ടാണ് ജാതിയെ കൂട്ടുപിടിച്ചിരിക്കുന്നത്. ഇതൊന്നും സാംസ്‌കാരിക കേരളത്തില്‍ വിലപ്പോവില്ലെന്ന് ബി.ജെ.പി നേതാവ് തിരിച്ചറിയുന്നത് നല്ലതാണ്.

ഇനി യു.ഡി.എഫ് സംഘത്തോട് യതീഷ് ചന്ദ്ര സ്വീകരിച്ചത് ഈ നിലപാടല്ല എന്നാണ് വാദമെങ്കില്‍ അതിനും ഉണ്ട് മറുപടി. കാരണം യതീഷ് ചന്ദ്രയുടെ വാക്കുകള്‍ കേട്ട് അവര്‍ കെ.എസ്.ആര്‍.ടി.സിയില്‍ തന്നെയാണ് പമ്പയിലേക്ക് പോയത്. അങ്ങനെ പോവാന്‍ തടസ്സമില്ലെന്ന് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് ആദ്യം തന്നെ യതീഷ് ചന്ദ്രയും പറഞ്ഞിരുന്നതല്ലേ?

ഇത്രയും ബഹളമുണ്ടാക്കിയിട്ടും ഒടുവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ തന്നെയല്ലേ കേന്ദ്ര മന്ത്രിയും പോയത്?. ഔദ്യോഗിക വാഹനത്തില്‍ മന്ത്രിക്ക് പമ്പയില്‍ പോകാമെന്ന് പറഞ്ഞിട്ടും അതിന് തയ്യാറാകാതിരുന്നതിനു പിന്നിലും ഭക്തിയല്ല രാഷ്ട്രീയമാണ് എന്ന് വ്യക്തം.

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ കൊണ്ട് സന്നിധാനത്ത് പോയി പെട്ടന്ന് തന്നെ തിരിച്ചിറങ്ങിക്കൊള്ളാമെന്ന് സത്യം ചെയ്യിപ്പിച്ചതും വിലക്ക് ലംഘിക്കുകയും പൊലീസിനോട് തട്ടി കയറുകയും ചെയ്ത കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതുമാണ് യതീഷ് ചന്ദ്രയോട് ബി.ജെ.പി നേതാക്കള്‍ക്കുള്ള കലിപ്പിന് പ്രധാന കാരണം.

റിപ്പോര്‍ട്ട് : അഡ്വ. മനീഷ രാധാകൃഷ്ണന്‍

Top