ബുദ്ധിയുമായി ബന്ധപ്പെട്ടാണ് ഐക്യു എന്ന വാക്ക് സാധാരണ നമ്മള്‍ കേള്‍ക്കാറുള്ളത് . ഇപ്പോളിതാ കണ്ണു പരിശോധിക്കാന്‍ ഐക്യൂ എന്ന പേരില്‍ യന്ത്രം എത്തിയിരിക്കുന്നു.
ഇനി കാഴ്ചശക്തി വിലയിരുത്താന്‍ ഡോക്ടറെ കാണേണ്ടിവരില്ല എന്നാണ് ഈ സാങ്കേതികവിദ്യ പറയുന്നത്. സൂക്ഷ്മത (കാഴ്ചയുടെയല്ല, പരിശോധനയുടെ) എത്രയുണ്ടെന്ന് വ്യക്തമല്ലെങ്കിലും ഐക്യൂ അമേരിക്കയില്‍ പണിതുടങ്ങിക്കഴിഞ്ഞു.
സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ ഉറപ്പിക്കാവുന്ന ഐക്യൂ മിനിസ്‌കോപ്പും മൈഐക്യൂ എന്ന ആപ്പും ഉണ്ടെങ്കില്‍ കണ്ണുപരിശോധനയ്ക്ക് ഇനി നേത്രരോഗ വിദഗ്ധനെ കാണേണ്ടതില്ല.
മൈ ഐക്യൂ ആപ്പ് സൗജന്യമായി ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേയിലും ലഭ്യമാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് മിനിസ്‌കോപ്പിലൂടെ നോക്കിയാല്‍ കാഴ്ചശക്തിയെക്കുറിച്ചുള്ള വിവരങ്ങളും, ഏതു പവറുള്ള കണ്ണട ധരിക്കണമെന്ന നിര്‍ദേശവും ഏതാണ്ട് അപ്പോള്‍ത്തന്നെ ഫോണില്‍ ലഭിക്കും.
നേത്രരോഗ വിദഗ്ധര്‍ കണ്ണട നിര്‍ദേശിക്കാന്‍ സ്വീകരിക്കുന്ന അതേ മാര്‍ഗങ്ങളിലൂടെയാണ് ഐക്യൂവും പ്രവര്‍ത്തിക്കുന്നത്. കണ്ണടയും ഓണ്‍ലൈനിലൂടെ ലഭ്യമാകുമെന്നതിനാല്‍ ഇക്കാര്യങ്ങള്‍ക്കൊന്നും വീട്ടില്‍നിന്ന് പുറത്തിറങ്ങേണ്ട.
ഇനി അതല്ല, കണ്ണു ഡോക്ടറുമായി നിങ്ങളുടെ കാഴ്ചശക്തി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നുണ്ടെങ്കില്‍ അതിനും ആപ്പില്‍ സൗകര്യമുണ്ടാകും.
നിലവില്‍ ഐക്യൂ മിനിസ്‌കോപ്പ് അമേരിക്കയില്‍ മാത്രമേ ലഭിക്കൂ. അധികം താമസിയാതെ നമ്മുടെ നാട്ടിലേക്കും ഈ വിദ്യ എത്തുമെന്ന് പ്രതീക്ഷിക്കാം.