ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന് സഹോദരന്‍ ഇക്ബാല്‍ ഇബ്രാഹിം കസ്‌കര്‍

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന് സഹോദരന്‍ ഇക്ബാല്‍ ഇബ്രാഹിം കസ്‌കര്‍.

ഇന്ത്യയിലേക്ക് മടങ്ങാന്‍ ദാവൂദ് ആഗ്രഹിച്ചാല്‍ തന്നെ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) അതിന് അനുവദിക്കില്ലെന്നും കസ്‌കര്‍ പറഞ്ഞു.

പൊലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് കസ്‌കര്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്നും അത് ഐ.എസ്.ഐയ്ക്ക് തലവേദന സൃഷ്ടിക്കുമെന്നും ഭയന്നാണ് അവര്‍ ദാവൂദിനെ തടയുന്നതെന്ന് കസ്‌കര്‍ വ്യക്തമാക്കി.

കവര്‍ച്ചക്കേസില്‍ കഴിഞ്ഞ മാസമാണ് ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിനെ മുംബൈ പൊലീസ്‌ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. പോലീസിന്റെ ചോദ്യംചെയ്യലിനിടെ ദാവൂദിന്റെ ഡി കമ്പനിയെ സംബന്ധിച്ച പല വെളിപ്പെടുത്തലുകളും കസ്‌കര്‍ നടത്തിയിരുന്നു.

ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്തുവന്നിരുന്നു. ദാവൂദിനെ ലണ്ടനില്‍വച്ച് കണ്ടിരുന്നുവെന്നും അയാള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനി 2015 ല്‍ വെളിപ്പെടുത്തിയിരുന്നു.

മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിലാണ് ഇപ്പോഴുള്ളത്. സഹോദന്‍ അനീസ് ഇബ്രാഹിം, ഛോട്ടോ ഷക്കീല്‍ എന്നിവര്‍ ദാവൂദിന് ഒപ്പമുണ്ട്.

Top