ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാന്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇറാന്‍

ലണ്ടന്‍: അതിര്‍ത്തിയില്‍ ആക്രമണം നടത്തുന്ന ഭീകരരെ പാക്ക് സര്‍ക്കാര്‍ നിയന്ത്രിച്ചില്ലെങ്കില്‍ പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇറാന്‍ സൈനിക മേധാവി തലവന്‍ മുഹമ്മദ് ബാര്‍ഖിയാണ് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് ഇറാന്‍ അതിര്‍ത്തി രക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ജയ്‌ഷെ അല്‍ അദില്‍ എന്ന സുന്നി ഭീകര സംഘടന പാക്കിസ്ഥാനുള്ളില്‍ നിന്നു നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ പറയുന്നു. ദീര്‍ഘദൂര തോക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. മയക്കുമരുന്ന് സംഘങ്ങളും ഗുണ്ടാസംഘങ്ങളും തീവ്രവാദികളുടെ നീക്കങ്ങളുമെല്ലാം അതിര്‍ത്തി പ്രദേശത്തെ അശാന്തമാക്കുന്ന സാഹചര്യത്തിലാണ് ഇറാന്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ അവസ്ഥ മുന്നോട്ടു കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും അതിര്‍ത്തികള്‍ പാക്കിസ്ഥാന്‍ നിയന്ത്രിക്കുമെന്നാണ് കരുതുന്നതെന്നും ഭീകരരെ അറസ്റ്റ് ചെയ്ത് അവരുടെ താവളങ്ങള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറാന്‍ വ്യക്തമാക്കി. ഇനിയും ഭീകരാക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ഞങ്ങള്‍ അവരുടെ ‘സുരക്ഷിത സ്വര്‍ഗങ്ങളും കേന്ദ്രങ്ങളും’ ആക്രമിക്കും, അത് എവിടെയായാലും എന്ന് ഇറാന്‍ സൈനിക മേധാവി അറിയിച്ചു.

കഴിഞ്ഞയാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും അതിര്‍ത്തി സുരക്ഷ ശക്തമാക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ എത്തിക്കുമെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇറാന്‍ സുരക്ഷാസേനയ്ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘമാണ് ജയ്‌ഷെ അല്‍ അദില്‍. ഇറാനിലെ ന്യൂനപക്ഷമായ സുന്നി മുസ്‌ലിങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരെയാണ് ഈ ആക്രമണങ്ങള്‍ എന്നാണ് അവരുടെ വാദം. 2015 ഏപ്രിലില്‍ എട്ട് ഇറാന്‍ സൈനികരെ വധിച്ചതും 2013 ഒക്ടോബറില്‍ 13 സൈനികരെ വധിച്ചതും ഈ സംഘമായിരുന്നു.

Top