ടെഹ്റാൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിക്കണമെന്ന് ഇന്റർപോളിനോട് ഇറാന്റെ ആവിശ്യം. ജുഡീഷ്യറി വക്താവ് ഗൊലാംഹൊസൈൻ ഇസ്മായിലിയാണ് ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡോണൾഡ് ട്രംപ് ഉൾപ്പെടെ 47 അമേരിക്കൻ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യം. ജനറൽ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ഇറാൻ ആവശ്യപ്പെട്ടത്.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തലവനായ ഖാസിം സുലൈമാനി 2020 ജനുവരി മൂന്നിനാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദിലുണ്ടായ ഡ്രോൺ ആക്രണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടത്. രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ ആരോപണം. രണ്ടാം തവണയാണ് ഇറാൻ ഇന്റർപോളിനോട് ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.