ഉത്തര കൊറിയക്ക് പിന്നാലെ അമേരിക്കക്ക് വൻ മുന്നറിയിപ്പുമായി ഇറാനും രംഗത്ത്

ടെഹ്‌റാന്‍: ഉത്തര കൊറിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പുറമെ അമേരിക്കയെ കടന്നാക്രമിച്ച് ഇറാന്റെയും പ്രകോപനം.

ഇറാന്‍ സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ‘ഗൗരവമായ തിരിച്ചടികള്‍’ അമേരിക്കക്ക് നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

‘പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കില്‍ ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള, മധേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അവിടെ നിന്ന് മാറ്റേണ്ടിവരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ജാഫരിയാണ് മുന്നറിയിപ്പ് നല്‍കിയത്.

ബഹ്‌റിന്‍, ഇറാഖ്, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി യുഎസിന് നിരവധി സേനാതാവളങ്ങളുണ്ട്.

അമേരിക്കയുമായി ചര്‍ച്ച നടത്താമെന്ന ആശയത്തെയും സേനാമേധാവി തള്ളിക്കളഞ്ഞു. ഐഎസ് ഭീകരര്‍ക്കു നേരെ പോരാടിയ ധീരചരിത്രമുണ്ട് ഇറാന്. സൈന്യത്തെ ഭീകരരായി യുഎസ് കണക്കാക്കിയാല്‍ അവരെയും ഭീകരരായി കണ്ട് പോരാട്ടം തുടങ്ങുമെന്നും ജനറല്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞു.

‘യുഎസിലെ ഭരണകൂടം തെറ്റായ നയതന്ത്ര നിലപാടുകള്‍ സ്വീകരിക്കില്ലെന്നാണു വിശ്വാസം. ഒരുപക്ഷെ അങ്ങനെ സംഭവിച്ചാല്‍ പ്രത്യാഘാതം കടുത്തതും ഗുരുതരവും നാശോന്മുഖവുമായിരിക്കും’- ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്‌റാം ഖ്വസേമിയും ചൂണ്ടിക്കാട്ടി.

2015ലെ ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങി ഇറാനെതിരേ ഉപരോധം ശക്തമാക്കുകയാണ് ട്രംപ് ഭരണകൂടം.

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ചിട്ടില്ല.

അധികാരത്തിലെത്തിയപ്പോഴും അതിനു മുന്‍പും ഇറാനുമായുള്ള ആണവ കരാറിനെ ഏറ്റവും മോശമെന്നാണു ട്രംപ് വിശേഷിപ്പിച്ചിട്ടുള്ളത്. ഒക്ടോബര്‍ 15ന് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ കരാറിനെതിരായ നിലപാടെടുക്കാനാണ് ട്രംപിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമവും രക്തചൊരിച്ചിലുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്നും മധ്യേഷ്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ഇറാനാണെന്നും ട്രംപ് ആരോപിക്കുന്നു. അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎന്‍ പൊതുസഭയില്‍ പ്രസിഡന്റ് ഹസന്‍ റുഹാനി മറുപടിയും പറഞ്ഞു. ആണവ കരാറില്‍ തെറ്റായ നീക്കം യുഎസ് എടുക്കുകയാണങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനെയിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഒരേ സമയം ഉത്തര കൊറിയയുമായും ഇറാനുമായും ഏറ്റുമുട്ടേണ്ട സാഹചര്യം അമേരിക്ക സൃഷ്ടിക്കുമോ, അതോ പിന്‍മാറുമോ എന്നാണ് ഇപ്പോള്‍ ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Top