കൊച്ചി: ആലപ്പുഴ തീരത്തിനടുത്തുനിന്നു ഇറാന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ എന്‍ഐഎ സംഘം നടത്തിവന്ന ആഴക്കടല്‍ പരിശോധന അവസാനിപ്പിച്ചു. അഞ്ചുദിവസത്തെ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
തീരത്തുനിന്നു 60 നോട്ടിക്കല്‍ മൈല്‍ അകലെയാണു പരിശോധന നടത്തിയത്. ബോട്ടിലുണ്ടായിരുന്നവര്‍ ആയുധങ്ങളോ മയക്കുമരുന്നോ കടലില്‍ ഉപേക്ഷിച്ചതെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു എന്‍ഐഎ പരിശോധന.
മുംബൈ നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലേയും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലേയും ശാസ്ത്രജ്ഞരാണ് ആഴക്കടല്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. ഒആര്‍വി സമുദ്ര രത്‌നാക്കര്‍ എന്ന ഗവേഷക കപ്പലിന്റെ സഹായത്തോടെയിരുന്നു പരിശോധന.
കഴിഞ്ഞ ജൂലൈ നാലിനാണ് ബറൂക്കി എന്ന ഇറാന്‍ ബോട്ട് ആലപ്പുഴ തീരത്തിനു പടിഞ്ഞാറുനിന്നു തീര രക്ഷാസേന പിടികൂടിയത്. ഇറാന്‍കാരും ഇറാന്‍പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ബലൂചിസ്ഥാനില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണെന്ന് അവകാശപ്പെട്ട 12 വിദേശികളായിരുന്നു ബോട്ടില്‍.
പാക്കിസ്ഥാനിലേക്കും മറ്റും വിളിക്കാനായി ഉപയോഗിച്ച സാറ്റലൈറ്റ് ഫോണും പാക് തിരിച്ചറിയല്‍ കാര്‍ഡും ബോട്ടില്‍ കണ്െടത്തിയിരുന്നു. ഈ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉടമ ബോട്ടിലുണ്ടായിരുന്നില്ല. പ്രതികളെ റോ, ഐബി എന്നിവയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു.