ബ്രിട്ടീഷ് കപ്പലില്‍ മൂന്ന് മലയാളികളും; ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി

വാഷിങ്ടണ്‍; സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ്
റിപ്പോര്‍ട്ട്. അതേസമയം ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ചയാണ് രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന പേരില്‍ ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. സൗദി തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പല്‍.

കപ്പലിലുള്ള ഇന്ത്യക്കാരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്. ഒരുമാസം മുമ്പാണ് കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ജോലിക്ക് കയറിയത്. കളമശ്ശേരി കുസാറ്റിനടുത്ത് തേക്കാനത്ത് പാപ്പച്ചന്‍- ഡീന ദമ്പതികളുടെ മകനാണ് ഡിജോ. ലണ്ടനിലുള്ള സഹോദരി ദീപയെ ലണ്ടനിലെ കപ്പല്‍ കമ്പനി ഓഫീസില്‍ നിന്നു ബന്ധപ്പെടുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. മുംബൈയില്‍ നിന്നാണ് ഡിജോ കപ്പലില്‍ ചേര്‍ന്നത്.

ഇന്ത്യക്കാര്‍ക്കു പുറമേ കപ്പലില്‍ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു. മേഖലയില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി.

ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ മുമ്പ് പിടികൂടിയിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.

Top