ഇസ്രയേല്‍ ചാരന്മാരെ പിടികൂടിയതായി ഇറാന്‍

ടെഹ്റാന്‍: ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയിരുന്ന മൂന്ന് പേരെ പിടികൂടിയതായി ഇറാന്‍. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം അറിയിച്ചത്. പിടിയിലായ മൂന്ന് പേരും ഇറാന്‍ പൗരന്മാര്‍ തന്നെയാണെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാറുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ചാര പ്രവര്‍ത്തനം നടത്തിയവരെ പിടികൂടിയതെന്നും ഇറാന്‍ അവകാശപ്പെടുന്നു.

“ഇറാന്‍ പൗരത്വമുള്ള മൂന്ന് മൊസാദ് ഏജന്റുമാരെ, ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പര്‍വത മേഖലകളില്‍ നിന്ന് പിടികൂടുകയായിരുന്നു” എന്നാണ് ഔദ്യോഗിക ടെലിവിഷന്‍ വിശദീകരിക്കുന്നത്. ഇറാനിലെ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദൊല്ലഹിയാന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാറിന്റെ പ്രതിനിധികള്‍ ശനിയാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും സഹകരിച്ച് നടത്തിയ ഓപ്പറേഷനില്‍ ഇസ്രയേലി ചാരന്മാരെ പിടികൂടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് ഇറാനിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നും ചോദ്യം ചെയ്യലിന് വേണ്ടി ഇവരെ ഇറാനില്‍ എത്തിക്കുമെന്നും അറിയിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല.

Top