ടെഹ്‌റാൻ: അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ നിലനിൽക്കെ ഇറാനിലെ ആണവ നിലയം അടിയന്തിരമായി അടച്ച് ടെഹ്‌റാൻ ഭരണകൂടം. ഭുഷേർ ആണവ വൈദ്യുതി നിലയമാണ് അടിയന്തിരമായി അടച്ചുപൂട്ടിയത്. അറ്റകുറ്റപ്പണികൾക്കായാണ് നിലയം അടച്ചതെന്നാണ് ഇറാൻ പറയുന്നത്. സാങ്കേതിക തകരാറുണ്ടായെന്ന റിപ്പോർട്ടാണ് അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടത്. ഇറാനിൽ നിലവിൽ പകൽസമയത്തെ കടുത്ത ചൂട് നിലയത്തിന് ഭീഷണിയാണ്.
ഏക വൈദ്യുതി ഉല്പാദന നിലയമായതിനാൽ കൃത്യസമയത്തെ അറ്റകുറ്റപ്പണികൾക്കായാണ് അടച്ചിടുന്നതെന്നാണ് കമ്പനി പറയുന്നത്. മൂന്ന് നാലു ദിവസത്തേക്കുള്ള താൽക്കാലിക നടപടി മാത്രമാണെന്നാണ് റിപ്പോർട്ട്. താനാവീർ എന്ന കമ്പനിയുടെ ഉദ്യോഗസ്ഥരാണ് വിവരം ധരിപ്പിച്ചത്. ആദ്യമായാണ് ഇറാനിൽ ആണവ വൈദ്യുത നിലയം അടച്ചിടുന്നത്. 2011ലാണ് റഷ്യയുടെ സഹായത്തോടെ ഇറാനിൽ ആണവ നിലയം സ്ഥാപിച്ചത്.
പ്രവർത്തിക്കുമ്പോൾ നിലയത്തിൽ നിന്നും പുറത്തുവരുന്ന വസ്തുക്കൾ റഷ്യയാണ് നീക്കം ചെയ്തിരുന്നത്. ആണവ വികിരണ വസ്തുക്കളെ അതീവ സുരക്ഷാ സംവിധാനത്തോടെ റഷ്യയാണ് കാലങ്ങളായി മാറ്റുന്നത്. 2018 മുതൽ ഇറാന് മേൽ ആണവ നിയന്ത്രണമുള്ള തിനാൽ റഷ്യയിൽ നിന്നും അസംസ്‌കൃത വസ്തുക്കളെത്തിക്കാൻ സാധിക്കാത്തത് ഇറാന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതും കമ്പനിയുടെ പ്രവർത്തനത്തിന് തടസ്സമാണെന്നുമാണ് റിപ്പോർട്ട്.