ടെഹ്റാൻ: വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സംവിധായകനെ മാതാപിതാക്കൾ കൊലപ്പെടുത്തി. ബാബക് ഖൊരാമ്‌ദിൻ എന്ന 47കാരനായ ഇറാനിയൻ സിനിമാ സംവിധായകനാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ മാതാപിതാക്കളെ കോടതിയിൽ ഹാജരാക്കി.
മകനെ കൊലപ്പെടുത്തിയതായി മാതാപിതാക്കൾ സമ്മതിച്ചു. ഇവർ കസ്‌റ്റഡിയിലാണെന്നും കേസ് അന്വേഷണം തുടരുകയാണ് കൊല നടത്തിയതിൻ്റെ കൂടുതൽ തെളിവുകൾ കുടുംബ വീട്ടിൽ നിന്നും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
വിവാഹം കഴിക്കാൻ തയ്യാറാകാത്ത ബാബക് ഖൊരാമ്‌ദിൻ്റെ തീരുമാനത്തിൽ മാതാപിതാക്കൾ എതിർപ്പറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം വഴക്കിലേക്ക് എത്തുന്നത് പതിവായിരുന്നു. ടെഹ്റാൻ യൂണിവേഴ്‌സിറ്റിയിൽ 2009ൽ നിന്നും സിനിമയിൽ ഉന്നത വിദ്യാഭ്യാസം നേടിയ മകൻ 2010ൽ ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു. വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നതിനായിട്ട് വർഷങ്ങൾക്ക് ശേഷമാണ് ബാബക് ഇറാനിലെ വീട്ടിലേക്ക് എത്തിയത്.
വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കം രൂക്ഷമായതോടെ മകനെ കൊലപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. മയക്കുമരുന്ന് നൽകി മയക്കിയ ശേഷം കൊല നടത്തി. ബോധം നഷ്‌ടമായ ബാബക്കിനെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിലെത്തിച്ച് വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി. മറ്റ് ഭാഗങ്ങൾ വീടിനോട് ചേർന്ന അഴുക്കു ചാലിൽ ഒഴുക്കി.