ഇറാന്‍ നല്‍കിയ അന്ത്യശാസനം തള്ളി യൂറോപ്യന്‍ യൂണിയന്‍

ടെഹ്‌റാന്‍: ഇറാന്‍ നല്‍കിയ അന്ത്യശാസനം തള്ളി യൂറോപ്യന്‍ യൂണിയന്‍. ആണവകരാറില്‍ നിന്ന് പിന്‍മാറുന്നതിനായി നല്‍കിയ അന്ത്യശാസനമാണ് യൂറോപ്യന്‍ യൂണിയന്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. രണ്ടു മാസത്തിനകം യു.എസ് ഉപരോധത്തില്‍ നിന്നു മറ്റു വന്‍ശക്തികള്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ ആണവപദ്ധതി പുനരാരംഭിക്കുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്.

ഇറാന്റെ എണ്ണ, ബാങ്കിങ് മേഖലയെ അമേരിക്കന്‍ ഉപരോധത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വന്‍ശക്തികള്‍ക്കായില്ലെങ്കില്‍ യുറേനിയമ സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നായിരുന്നു ഇറാന്‍ ഭീക്ഷണി മുഴക്കിയത്.

എന്നാല്‍ ഇറാന്‍ നടപടി അസ്വീകാര്യമെന്ന് ഫ്രാന്‍സ്, ബ്രിട്ടണ്‍, ജര്‍മനി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. 2015ല്‍ ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതില്‍ യൂറോപ്യന്‍ യൂണിയന്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ അന്ത്യശാസനം പുറപ്പെടുവിച്ച ഇറാനെതിരെ കൂടുതല്‍ ഉപരോധ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആണവ പദ്ധതി നിര്‍ത്തിവച്ചാല്‍ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യു.എസ് അടക്കം വന്‍ശക്തികള്‍ 2015ല്‍ ഇറാനുമായി ആണവകരാറില്‍ ഒപ്പുവച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം അമേരിക്ക ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്‍മാറുകയും പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Top