യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടണെ നിയമിച്ചതിനെതിരെ ഇറാന്‍

john

ടെഹ്‌റാന്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടണെ നിയമിച്ചതിനെതിരെ ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ഷംഖാനി. ട്രംപ് ഭരണകൂടത്തിന്റേത് നാണംകെട്ട നടപടിയാണെന്നാണ് ഷംഖാനിയുടെ പരിഹാസം.

ഭീകരസംഘടനകളുടെ പട്ടികയില്‍ പേരുള്ള മുജാഹിദ്ദീന്‍ഇഖല്‍ക്ക് എന്ന സംഘടനയുമായി ബോള്‍ട്ടിന് ബന്ധമുണ്ടെന്നും അവരില്‍ നിന്ന് പ്രതിഫലം പറ്റുന്നയാളാണ് അദ്ദേഹമെന്നുമാണ് ഷംഖാനിയുടെ ആരോപണം.

ഉത്തരകൊറിയയേയും ഇറാനെയും അമേരിക്ക ആക്രമിക്കണമെന്നു വാദിക്കുന്നയാളാണ് ജോണ്‍ ബോള്‍ട്ടണെന്നാണ് വിലയിരുത്തല്‍. ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കണമെന്നു വാദിക്കുന്ന ബോള്‍ട്ടണ്‍ യുദ്ധാനുകൂല നിലപാടുകള്‍ക്കു കുപ്രസിദ്ധനാണ്. മുന്‍ പ്രസിഡന്റ് ജോര്‍ജ്.ഡബ്ല്യു. ബുഷിന്റെ ഭരണത്തില്‍ അമേരിക്കയുടെ യുഎന്‍ അംബാസഡറായിരുന്ന ബോള്‍ട്ടണ്‍ ഇറാക്കില്‍ അധിനിവേശം നടത്താനുള്ള ബുഷിന്റെ നയത്തെ ശക്തമായി പിന്തുണച്ച വ്യക്തിയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് എച്ച്.ആര്‍.മക്മാസ്റ്ററെ പുറത്താക്കി ജോണ്‍ ബോള്‍ട്ടനെ ആ സ്ഥാനത്തേക്ക് അവരോധിച്ചത്.

ഏപ്രില്‍ പകുതിവരെ മക്മാസ്റ്റര്‍ സുരക്ഷാ ഉപദേഷ്ടാവായി തുടരും. അദ്ദേഹവും ട്രംപും തമ്മില്‍ നിലനിന്നിരുന്ന കടുത്ത അഭിപ്രായഭിന്നതകളാണ് കടുത്ത തീരുമാനത്തിനിടയാക്കിയത്.

Top