മോസ്‌കോ: ഉപരോധം പിന്‍വലിക്കുകയാണെങ്കില്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു വ്യക്തമാക്കി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. ഉപരോധം പിന്‍വലിച്ച് 2015-ലെ ആണവ കരാറിലേക്ക് അമേരിക്ക മടങ്ങിയെത്തണം എന്നാണ് ഇറാന്‍ ആവശ്യപ്പെടുന്നത്.
‘ഞങ്ങള്‍ എന്നും ചര്‍ച്ചകളില്‍ വിശ്വസിക്കുന്നവരാണ്. അവര്‍ ഉപരോധം പിന്‍വലിച്ചാല്‍, അടിച്ചേല്‍പ്പിച്ച സാമ്പത്തിക സമ്മര്‍ദ്ദം അവസാനിപ്പിച്ച് കരാറിലേക്ക് മടങ്ങിവന്നാല്‍ എവിടെവച്ചും ഇനിയും ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണ് എന്നാണ് റുഹാനി വ്യക്തമാക്കിയിരിക്കുന്നത്. ആണവകരാറില്‍ നിന്ന് അമേരിക്ക 2018 മേയില്‍ പിന്‍മാറിയതിനു മുമ്പ് എത്രത്തോളം എണ്ണ കയറ്റി അയച്ചിരുന്നുവോ അതേ അളവില്‍ തുടര്‍ന്നും കയറ്റുമതിക്ക് അവസരമൊരുക്കിയാലേ ചര്‍ച്ചയ്ക്കു സാധ്യമാകൂ എന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.
ബന്ധപ്പെട്ട എല്ലാ കക്ഷികളും സംയുക്തപരിപാടിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ഈ പ്രഖ്യാപത്തിനു മുന്‍പേ ജര്‍മനിയും ഫ്രാന്‍സും യുകെയും ആവശ്യപ്പെട്ടിരുന്നു. കരാറിനു മുന്‍പുള്ള അവസ്ഥയിലേക്ക് ആണവപദ്ധതി കൊണ്ടുവരാന്‍ തയാറാണെന്ന് ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സിയും അറിയിച്ചിട്ടുണ്ട്. ആണവ കരാറിനെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ കൗണ്‍സിലും പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാരാണു ചര്‍ച്ചയില്‍ പങ്കെടുക്കുക.
യുഎസും റഷ്യയും ചൈനയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയുമാണ് ഇറാനുമായി ആണവ കരാറില്‍ ഒപ്പിട്ടതെങ്കിലും ട്രംപ് അധികാരത്തില്‍ എത്തിയതോടെ യുഎസ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു. ഇതിനുപുറമേ ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരികയും ചെയ്തു.
ആശയഭിന്നത തുടരുന്നതിനിടെ സിറിയയിലേക്ക് പോകുകയായിരുന്ന ഇറാന്‍ ഓയില്‍ ടാങ്കര്‍ ബ്രിട്ടന്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്കില്‍ രൂപപ്പെട്ട സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. കഴിഞ്ഞയാഴ്ച ബ്രിട്ടന്റെ മൂന്ന് കപ്പലുകള്‍ തടയാന്‍ ഇറാന്‍ ശ്രമിച്ചിരുന്നു. സിറിയയിലേയ്ക്ക് പോകില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫിനെ അറിയിച്ചിരുന്നു.