ഇറാനിലെ എണ്ണ ഉത്പാദനം ഇല്ലാതാക്കാന്‍ അമേരിക്കക്ക് കഴിയില്ലെന്ന് ഹസന്‍ റൂഹാനി

TRUMP-AND-HASSAN

ഇറാന്‍: ഇറാന്റെ എണ്ണ വരുമാനം ഇല്ലാതാക്കാന്‍ അമേരിക്കക്ക് ഒരിക്കലും സാധിക്കില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാന്റെ എണ്ണ വരുമാനം പൂജ്യത്തിലെത്തിക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള നടപടികള്‍ അമേരിക്ക അവസാനിപ്പിക്കണമെന്നും പ്രസിഡന്റ് സ്വിറ്റ്‌സര്‍ലാന്റില്‍ പറഞ്ഞു.

എണ്ണ വിപണിയില്‍ ഇറാനെ ഇല്ലാതാക്കാന്‍ അമേരിക്കക്ക് സാധിക്കില്ല. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ചട്ടങ്ങളെയും ലംഘിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള നയം അമേരിക്ക സ്വീകരിക്കുന്നതെന്നും റൂഹാനി പറഞ്ഞു. എണ്ണ ഉത്പാദിപ്പിക്കുന്ന ഇതര രാജ്യങ്ങള്‍ക്ക് കയറ്റുമതി ചെയ്യാമെങ്കില്‍ ഇറാനും അതിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതി വരുമാനം പൂജ്യത്തില്‍ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസമാണ് അമേരിക്ക പ്രഖ്യാപിച്ചത്. മുതിര്‍ന്ന നയകാര്യ ഉപദേഷ്ടാവ് ബ്രെയ്ന്‍ ഹുക്കാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു അമേരിക്ക തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയതിന് ശേഷമാണ് പുതിയ ഉപരോധങ്ങളുമായി അമേരിക്ക രംഗത്തുവന്നത്. അമേരിക്ക പിന്‍മാറിയെങ്കിലും മറ്റ് രാജ്യങ്ങളുമായി കരാര്‍ തുടരുമെന്ന് ഹസന്‍ റൂഹാനി ആവര്‍ത്തിച്ചു. സ്വിറ്റ്‌സര്‍ലാന്റ് പ്രസിഡന്റ് അലൈന്‍ ബൈര്‍സെറ്റുമായി കൂടിക്കാഴ്ച നടത്തിയ റൂഹാനി ആണവ കരാറില്‍ ഇറാനുള്ള പിന്തുണ ഉറപ്പിക്കുകയും ചെയ്തു.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ട്രംപ് പിന്മാറിയ ശേഷമാണ് ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയത്. ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കാന്‍ കമ്പനികളോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുകയാണ്. സൗദി അറേബ്യയോട് കൂടുതല്‍ എണ്ണ ഉല്പാദിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടുകയും ആവശ്യം സൗദി അംഗീകരിക്കുകയും ചെയ്തു. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യം കണക്കിലെടുക്കാന്‍ ഇന്ത്യയും സന്നദ്ധമായിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്.

Top