ടെഹ്‌റാന്‍: കാലപ്പഴക്കമുള്ള വിമാനങ്ങള്‍ക്ക് മതിയായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ഇറാനില്‍ വിമാനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന് പിന്നിലെന്ന് റിപ്പോര്‍ട്ട്. ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനെതിരേ അന്താരാഷ്ട്ര ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാനങ്ങളും സ്‌പെയര്‍ പാര്‍ട്‌സുകളും ഇറക്കുമതി ചെയ്യുന്നതിന് തടസ്സമുണ്ട്.
യു.എസ്.-ഇറാന്‍ ആണവക്കരാര്‍ 2015-ല്‍ ഒപ്പുവെച്ചതിനുശേഷം ഉപരോധവ്യവസ്ഥകളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ബോയിങ് കമ്പനിയുടെ 30 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഇറാന്‍ കരാറൊപ്പിട്ടിരിക്കുകയാണ്.
2003-ല്‍ തെക്കുകിഴക്കന്‍ ഇറാനില്‍ റവലൂഷണറി ഗാര്‍ഡിന്റെ വിമാനം തകര്‍ന്ന് 275 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. 2005-ല്‍ തെക്കന്‍ ഇറാനിലെ ബഹുനിലകെട്ടിടത്തില്‍ വിമാനമിടിച്ച് 68 മാധ്യമപ്രവര്‍ത്തകരടക്കം 108 പേരാണ് മരിച്ചത്. 2006-ലുണ്ടായ മൂന്ന് അപകടങ്ങളിലായി 176 പേര്‍ മരിച്ചു. 2009-ല്‍ ടെഹ്‌റാനില്‍നിന്ന് അര്‍മേനിയയിലേക്ക് പറന്ന വിമാനത്തിന് തീപിടിച്ച് 168 പേര്‍ മരിച്ചു. 2011-ല്‍ വടക്കന്‍ ഇറാനില്‍ ഇറാന്‍ എയര്‍ബോയിങ് തകര്‍ന്ന് 77 പേരും 2014-ല്‍ ടെഹ്‌റാനില്‍നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്ന് 39 പേരും മരിച്ചു.