ഇറാന് കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ട് വരികയാണ്, ഒപ്പം തൊഴിലില്ലായ്മയും, ഭക്ഷ്യവസ്തുക്കളുടെയും, മറ്റ് അവശ്യവസ്തുക്കളുടെയും വില കുതിച്ചുയരുകയും ചെയ്യുന്നു. ഇതിന്റെ പേരില്‍ ജനം രോഷത്തില്‍ ജീവിക്കുമ്പോഴാണ് അമേരിക്കയുമായി ഭരണകൂടത്തിന്റെ യുദ്ധപ്രഖ്യാപനം അവരെ കൂടുതല്‍ ചൊടിപ്പിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഉപരോധത്തില്‍ വലയുന്ന ഇറാന്റെ എണ്ണ കയറ്റുമതി ഡിസംബറില്‍ പൂജ്യത്തില്‍ എത്തി, കള്ളക്കടത്തുകാര്‍ മാത്രമാണ് വ്യക്തമല്ലാത്ത അളവില്‍ എണ്ണ വാങ്ങുന്നത്.
സാമ്പത്തികമായി നട്ടംതിരിയുമ്പോള്‍ അമേരിക്കയുമായി യുദ്ധത്തിന് പോകാന്‍ ഇറാന് ശേഷിയില്ലെന്നതാണ് വാസ്തവം. അത്തരം സാഹസത്തിന് ഇറങ്ങിയാല്‍ രാജ്യത്തിന്റെ സമ്പദ് ഘടന പൂര്‍ണ്ണമായി നാമാവശേഷമാകുമെന്ന് നേതാക്കള്‍ക്കും വ്യക്തതയുണ്ട്. ജനുവരി 3ന് സൊലേമാനി കൊല്ലപ്പെട്ടതിന്റെ രോഷം ട്രംപ് ഭരണകൂടത്തിന് എതിരായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിഷേധ ചൂട് നേരിടുന്നത് ഇറാന്‍ സര്‍ക്കാരാണ്.
ഉക്രെയിന്‍ വിമാനം വെടിവെച്ചിട്ടതില്‍ തുടങ്ങിയ കുറ്റസമ്മതമാണ് പ്രതിഷേധങ്ങളുടെ വഴിതിരിച്ചത്. യഥാര്‍ത്ഥത്തില്‍ ജീവിക്കാനുള്ള വഴികള്‍ അടഞ്ഞ ജനതയുടെ പ്രതിഷേധവും, പ്രതിരോധവുമാണ് ഇതോടെ ഉണര്‍ന്നത്. നാലില്‍ ഒരു ഇറാന്‍കാരന് ജോലിയില്ലെന്നതിന് പുറമെ പണപ്പെരുപ്പം 40 ശതമാനത്തിന് അരികിലാണെന്നും ലോക ബാങ്ക് വ്യക്തമാക്കുന്നു.
ഇറാഖിലെ അമേരിക്കന്‍ ബേസില്‍ വലിയ പ്രശ്‌നങ്ങളില്ലാത്ത തരത്തില്‍ മിസൈല്‍ വര്‍ഷിച്ച് പ്രതികരണം അവസാനിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചതും ഇതിന്റെ വെളിച്ചത്തിലാണ്. അല്ലെങ്കില്‍ ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമുള്ള രാജ്യം നല്‍കുന്ന തിരിച്ചടി സാധാരണക്കാരനായ ഇറാന്‍കാരെയാണ് ശിക്ഷിക്കുക. ഇറാന്‍ കമ്പനികളെ പ്രാദേശിക ബാങ്കുകള്‍ ലോണ്‍ നല്‍കിയാണ് രക്ഷിച്ച് നിര്‍ത്തുന്നത്.
എന്നാല്‍ ഏറെ കാലം ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇറാന്‍ നേതാക്കള്‍ക്ക് വ്യക്തതയുണ്ട്. അമേരിക്കന്‍ ഉപരോധങ്ങളുടെ വേദന ഒഴിവാക്കാതെ അവര്‍ക്ക് മുന്നോട്ട് പോകാനും കഴിയില്ല. വെല്ലുവിളിച്ച് ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് ഇറാന്‍ ഇപ്പോള്‍ പ്രയോഗിക്കുന്ന തന്ത്രം.