ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റിന്റെ സഹോദരന് അഴിമതിക്കേസില്‍ തടവ്. പ്രസിഡന്റ് ഹസന്‍ റുഹാനിയുടെ ഇളയ സഹോദരന്‍ ഹൊസൈന്‍ ഫെറെയ്ഡോണിനെയാണ് പ്രാദേശിക കോടതി അഴിമതിക്കേസില്‍ തടവിന് ശിക്ഷിച്ചത്. കേസില്‍ മറ്റ് ആറ് പ്രതികള്‍ക്കൊപ്പം ഫെറെയ്ഡോണിന്റെ വിചാരണ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ശനിയാഴ്ച ഫെറെയ്ഡോണ്‍ കുറ്റക്കാരനാണെന്നു കണ്ട് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
2017 ല്‍ ആണ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഫെറെയ്ഡോണ്‍ അറസ്റ്റിലാവുന്നത്. എന്നാല്‍ ഹൊസൈന്‍ കേസില്‍ ജാമ്യം നേടിയിരുന്നു. റുഹാനിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയായിരുന്നു അഴിമതിക്കേസില്‍ കുരുങ്ങുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഫെറെയ്ഡോണിന്റ് പ്രതികരണം.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ഡയറക്ടര്‍ ബോര്‍ഡ് നിയമനത്തില്‍ സ്വാധീനം ചെലുത്തിയെന്നും മാനേജര്‍മാര്‍ക്ക് പലമടങ്ങ് ശമ്പളം വര്‍ധിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.