സമാധാന നൊബേൽ ജേതാവ് നർഗേസ് മുഹമ്മദിക്കെതിരേ പുതിയ കേസിൽ ഇറാൻ വിചാരണ തുടങ്ങുന്നു

ടെഹ്റാൻ : ഇക്കൊല്ലത്തെ സമാധാന നൊബേൽ ജേതാവ് നർഗേസ് മുഹമ്മദിക്കെതിരേ പുതിയ കേസിൽ ഇറാൻ വിചാരണ തുടങ്ങുന്നു. ചൊവ്വാഴ്ച ടെഹ്റാനിലെ റെവലൂഷണറി കോടതിയിലാണ് വിചാരണ. എവിൻ ജയിലിൽ കഴിയുന്ന നർഗേസിനെ ടെഹ്റാനു പുറത്തുള്ള ഏതെങ്കിലും ജയിലിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ മന്ത്രാലയം ഇതിന് അനുമതി തേടിയെന്നും കുടുംബം പറഞ്ഞു.

നർഗേസിനുവേണ്ടി അവരുടെ മക്കൾ ഈ മാസം പത്തിന് നൊബേൽ സമ്മാനം ഏറ്റുവാങ്ങിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ വിചാരണ. എന്നാൽ, പുതിയ കുറ്റങ്ങളെന്താണെന്ന് വ്യക്തമല്ല. ജയിലിൽ നടത്തിയ പ്രതിഷേധങ്ങളാകാം കാരണമെന്നാണ് കരുതുന്നത്. ജയിലിലെ പ്രവൃത്തികളുടെ പേരിൽ മൂന്നാംതവണയാണ് നർഗേസ് വിചാരണ നേരിടുന്നത്.

51-കാരിയായ ഇവർ 2021 നവംബർ മുതൽ ജയിലിലാണ്. കഴിഞ്ഞ ഇരുപതുവർഷത്തിനിടെ 13 തവണയാണ് നർഗേസിനെ ഇറാൻ ഭരണകൂടം അറസ്റ്റുചെയ്തത്. അഞ്ചുകേസുകളിലായി 31 വർഷം തടവും 154 ചാട്ടവാറടിയും ശിക്ഷയായി വിധിച്ചു.

Top