അമേരിക്ക ഇറാനുമായി ചര്‍ച്ചയ്ക്കായി ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് ഹസ്സന്‍ റുഹാനി

ടെഹ്‌റാന്‍:ഇറാനു മേല്‍ സമ്മര്‍ദം ചെലുത്തുന്ന അമേരിക്ക തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ സമവായ ചര്‍ച്ചകള്‍ നടത്തണമെന്ന ആവശ്യവുമായി ഇറാനെ സമീപിക്കുകയാണെന്ന് പ്രസിഡന്റ് ഹസ്സന്‍ റുഹാനി. സര്‍ക്കാര്‍ നിയന്ത്രിത ചാനലിലൂടെ സംപ്രേഷണം ചെയ്ത പ്രസംഗത്തിലായിരുന്നു റുഹാനി ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയുടെ സമവായ ശ്രമങ്ങളാണോ, അതോ ഇറാനെതിരെ സ്വീകരിക്കുന്ന കര്‍ശന നടപടികളാണോ തങ്ങള്‍ കണക്കിലെടുക്കേണ്ടതെന്നും റുഹാനി ചോദിച്ചു. സാമ്പത്തിക, മാനസിക, പ്രചരണ യുദ്ധമാണ് ഇറാന്‍ നിലവില്‍ നേരിട്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറുകയും, ഇറാനുമേല്‍ നിരവധി നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. അതേസമയം, ഇറാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു.

ഇറാന്റെ സ്വര്‍ണം, അലുമിനിയം, ഉരുക്ക്, കല്‍ക്കരി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ളതാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ഉപരോധങ്ങള്‍. എണ്ണ കയറ്റുമതിയെ അടക്കം ലക്ഷ്യമിടുന്ന ഉപരോധങ്ങളായിരിക്കും നവംബറില്‍ ഏര്‍പ്പെടുത്തുന്നത്. അതേസമയം, ഇപ്പോഴത്തെ ഉപരോധങ്ങള്‍ ഇറാനെ എങ്ങനെ ബാധിക്കുമെന്നു കൃത്യമായി പറയാനാകില്ലെന്നും, യുഎസുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ തയാറാണെന്നു പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.

എന്നാല്‍, ചര്‍ച്ചയില്‍ സത്യസന്ധത വേണമെന്നും, ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ചര്‍ച്ച ഫലം ചെയ്യില്ലെന്നും, നവംബറില്‍ യുഎസില്‍ നടക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Top