ന്യൂഡല്‍ഹി: ഗാസയ്ക്ക് മേലുള്ള ഇസ്രയേലിന്റെ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യയാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നാവശ്യപ്പെട്ട് ഇറാന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ ബന്ധപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയാണ് അക്രമവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് വ്യക്തമാക്കിയത്.
സാമ്രാജ്യത്വം അവസാനിപ്പിച്ച് ലോകസമാധാനം നിലനിര്‍ത്തണമെന്ന ആഹ്വാനവുമായി രൂപികരിച്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരാഷ്ട്രങ്ങളില്‍ ഒന്നെന്ന നിലയിലാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇടപെടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതെന്ന് ഇറാന്‍ വ്യക്തമാക്കി. പലസ്തീന്‍ ജനതയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ലോകത്തിലെ എല്ലാ സ്വതന്ത്രരാഷ്ട്രങ്ങളെയും രോഷാകുലരാക്കിയെന്നും ഇത് പ്രാദേശിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഇബ്രാഹിം റൈസി മോദിയോട് പറഞ്ഞതായി ഇറാന്‍ വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തെ കുറിച്ച് ഇന്ത്യയുമായി ഇറാന്‍ ചര്‍ച്ച നടത്തിയതായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വാര്‍ത്താകുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിര്‍ത്തലിനായി ആഗോളതലത്തില്‍ നടത്തുന്ന സംയുക്തപരിശ്രമങ്ങളെ ഇറാന്‍ പിന്തുണയ്ക്കുമെന്നും ഗാസയിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാനുള്ള നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും ഇബ്രാഹിം റൈസി വ്യക്തമാക്കി. ഇസ്രയേലിന്റെ വ്യോമാക്രമണം ആശുപത്രികളെയും പള്ളികളെയും സ്‌കൂളുകളെയും പാര്‍പ്പിടമേഖലകളെയും ലക്ഷ്യം വെച്ചപ്പോള്‍ നിരപരാധികളായ ഒട്ടേറെ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായി. മനുഷ്യത്വപരമായി ചിന്തിക്കുമ്പോള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകാത്തതാണ് ഇസ്രയേലിന്റെ പ്രവൃത്തിയെന്ന് ഇബ്രാഹിം റൈസി പറയുന്നു.