ഗ്വാളിയോര്‍: ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ചാമ്പ്യന്‍മാര്‍. മധ്യപ്രദേശിനെ 238 റണ്‍സിന് തകര്‍ത്താണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പില്‍ ചാമ്പ്യന്‍മാരായത്. ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും നേടിയ യുവതാരം യശസ്വി ജയ്‌സ്വാളിന്റെ മിന്നുന്ന പ്രകടനത്തിന്റെ കരുത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പില്‍ മിത്തമിട്ടത്. 437 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ് അഞ്ചാം ദിനം 198 റണ്‍സിന് ഓള്‍ ഔട്ടായി. സ്കോര്‍ റെസ്റ്റ് ഓഫ് ഇന്ത്യ 484, 246, മധ്യപ്രദേശ് 294, 198.
ആദ്യ ഇന്നിംഗ്സില്‍ 213 റണ്‍സെടുത്ത യശസ്വിയും 154 റണ്‍സെടുത്ത അഭിമന്യു ഈശ്വരനുമാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ 109 റണ്‍സെടുത്ത യാഷ് ദുബെ മാത്രമാണ് മദ്യപ്രദേശിനായി പൊരുതിയത്. രണ്ടാം ഇന്നിംഗ്സിലും 144 റണ്‍സെടുത്ത യശസ്വി റെസ്റ്റ് ഓഫ് ഇന്ത്യയെ കരകയറ്റി.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ യശസ്വി 157 പന്തില്‍ മൂന്ന് സിക്സും 16 ബൗണ്ടറിയും പറത്തിയാണ് യശസ്വി 144 റണ്‍സടിച്ച് റെസ്റ്റ് ഓഫ് ഇന്ത്യയെ 246 റണ്‍സിലെത്തിച്ചത്. 437 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശിനായി രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ഹിമാന്‍ഷു മന്ത്രി(51), ഹര്‍ഷ് ഗവാലി(48) എന്നിവര്‍ മാത്രമെ പൊരുതിയുള്ളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൗരഭ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുകേഷ് കുമാറും അതിത് സേഥും പുല്‍കിത് നാരങും ചേര്‍ന്നാണ് മധ്യപ്രദേശിനെ എറിഞ്ഞിട്ടത്.
ഇറാനി കപ്പില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ യശസ്വി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടാനുള്ള അവകാശവാദം ശക്തമാക്കിയെന്നാണ് ആരാധകര്‍ കരുതുന്നത്. ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ് യശസ്വി.