ഉപരോധം പിന്‍വലിക്കാതെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: ഉപരോധം പിന്‍വലിക്കാതെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാനുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ആഴ്ചകള്‍ക്കകം റൂഹാനിയുമായി ചര്‍ച്ചക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഇറാനെതിരായ ഉപരോധങ്ങള്‍ അവസാനിപ്പിക്കുകയാണ് പ്രശ്‌നപരിഹാരത്തിന്റെ ആദ്യപടിയെന്നായിരുന്നു ട്രംപിന് റൂഹാനിയുടെ മറുപടി.

ഞങ്ങള്‍ ആറ്റംബോംബ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പരമ്പരാഗത ആയുധങ്ങളാണ് ഇറാനിയന്‍ സൈനികര്‍ ഉപയോഗിക്കുന്നത്. ക്രിയാത്മക തീരുമാനങ്ങള്‍ എടുക്കേണ്ടത് അമേരിക്കയാണെന്നും ഇറാനെതിരെ നിയമവിരുദ്ധമായി ചുമത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുകയാണ് അതിനുള്ള വഴിയെന്നും റൂഹാനി വ്യക്തമാക്കിയിരുന്നു.

Top