റിയാദ്: ഷിയാ പുരോഹിതന്‍ ഷെയ്ഖ് നിമ്ര് അല്‍ നിമ്രിന്റെ വധശിക്ഷയില്‍ ഇറാനിലെ സൗദി അറേബ്യന്‍ എംബസിയ്ക്ക് മുന്നില്‍ പ്രതിഷേധം അക്രമാസക്തമായി. എംബസിയിലേയ്ക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ ഫര്‍ണീച്ചറുകള്‍ തകര്‍ക്കുകയും തീ വയ്ക്കുകയും ചെയ്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഭീകരവാദക്കുറ്റം ആരോപിച്ചാണ് ഷെയഖ് നിമ്ര് അടക്കമുള്ള 47 പേരെ സൗദി ഇന്നലെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. സൗദി അറേബ്യ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദി രാജകുടുംബത്തിന്റെ കടുത്ത വിമര്‍ശകനും ജനാധിപത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്ന വ്യക്തിയുമായി ഷെയ്ഖ് നിമ്രിനെ 2012ലാണ് സൗദി അറേബ്യ അറസ്റ്റ് ചെയ്യുന്നത്.
തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും സംഘര്‍ങ്ങളിലും പൊലീസുകാരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേ സമയം പ്രക്ഷോഭകാരികളോട് ശാന്തരായിരിയ്ക്കാന്‍ ആവശ്യപ്പെട്ട ഇറാന്‍ വിദേശകാര്യമന്ത്രാലയം സൗദി എംബസിയുടെയോ മറ്റ് നയതന്ത്ര കാര്യാലയങ്ങളുടേയോ സമീപം യാതൊരു പ്രതിഷേധവും അനുവദിയ്ക്കില്ലെന്നും വ്യക്തമാക്കി.