നിര്‍ബന്ധിത ഹിജാബ്; തട്ടം വലിച്ചൂരി പ്രതിഷേധിച്ച് തെരുവിലൂടെ ഇറാനിയന്‍ സ്ത്രീകള്‍

iraniyan_women

ഇസ്താംബുള്‍: പൊതുസ്ഥലത്ത് തട്ടമിടാതെ നടന്നതിന് ഒരു സ്ത്രീയെ രണ്ടു വര്‍ഷം ജയിലിലടച്ച നടപടിക്കെതിരെ തട്ടം വലിച്ചൂരി തെരുവ് വീഥികളില്‍ ഇറാനിയന്‍ സ്ത്രീകളുടെ പ്രതിഷേധം. അന്താരാഷ്ട്ര വനിതാദിനത്തില്‍ കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങളില്‍ കനത്ത സുരക്ഷാ ഏര്‍പ്പെടുത്തിയിരുന്നു.

നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മുതല്‍ സ്ത്രീകള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയാണ്. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തിന്റെ പേരില്‍ 30 ഓളം സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും ഇപ്പോഴും വിചാരണ നേരിടുകയാണ്.

രണ്ട് മാസവും പിഴയുമാണ് ഇറാനില്‍ ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ. വിശ്വാസികളും അവിശ്വാസികളും അമുസ്ലിങ്ങളും ഹിജാബ് ധരിക്കാന്‍ ഇവിടെ നിര്‍ബന്ധിതരാണ്. നിര്‍ബന്ധിത ഹിജാബിനെതിരേ ഒട്ടേറെ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറാനില്‍ അടുത്തകാലത്ത് രംഗത്തെത്തിയിരുന്നു.

ഹിജാബ് പ്രതിരോധമാണ് അല്ലാതെ പ്രതിബന്ധമല്ലെന്നായിരുന്നു ഇറാനിയന്‍ നേതാവ് അയത്തൊള്ള അലി ഖമെനെയ് വനിതാ പ്രക്ഷോഭത്തിനെതിരേ ട്വീറ്റ് ചെയ്തത്. മാന്യമായ വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഇസ്ലാം മതം അച്ചടക്കമില്ലാത്ത ജീവിതരീതിയെ തടയിടുന്നതെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചിരുന്നു.

ഹിജാബ് ധരിക്കുന്നത് നിയമപരമായി നിര്‍ബന്ധമാക്കിയ രണ്ട് രാജ്യങ്ങളിലൊന്നാണ് ഇറാന്‍. മറ്റേത് സൗദി അറേബ്യയാണ്. ആധുനികവത്കരണത്തിന്റെ ഭാഗമായി 1930-ല്‍ ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ 1979-മുതല്‍ വിശ്വാസികളും അല്ലാത്തവരും ഹിജാബ് ധരിക്കുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കുകയായിരുന്നു.

Top