ജനുവരി 8ന് നടന്ന വിമാന ദുരന്തം ഇറാന്‍ ഭരണകൂടത്തെ അലട്ടുകയാണ്. ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തിയതിന് ശേഷം മരിച്ച ഇറാന്‍ സ്വദേശികളുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തി യാത്രയാക്കി. മൃതദേഹം ഏറ്റുവാങ്ങിയ ഒരു ഇരയുടെ ശവപ്പെട്ടിയില്‍നിന്നും ഇറാന്റെ ദേശീയ പതാക കീറിയെറിയാന്‍ അമ്മ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ രാജ്യത്തിന് വേദനയായി മാറുകയാണ്.
ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വന്തം മിസൈലാണ് യാത്രാവിമാനം വീഴ്ത്തിയതെന്ന് ഇറാന്‍ സൈന്യം സമ്മതിച്ചത്. ഇതോടെ തെരുവിലിറങ്ങിയ പ്രതിഷേധക്കാരെ സൈന്യം അടിച്ചമര്‍ത്തി. സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴും പ്രതിഷേധത്തിന് ആഹ്വാനമുണ്ടെങ്കിലും യൂണിവേഴ്‌സിറ്റികള്‍ക്ക് പുറത്ത് കലാപ പ്രതിരോധ സേനകള്‍ തമ്പടിച്ചിരിക്കുകയാണ്. ക്രൂരമായ മര്‍ദ്ദനവും വെടിവെപ്പുമാണ് പ്രതിഷേധക്കാര്‍ക്ക് നേരെ അരങ്ങേറുന്നത്.
അശാന്തി എത്രത്തോളം പരന്നുവെന്നും, അടിച്ചമര്‍ത്തലിന്റെ യാഥാര്‍ത്ഥ്യവും നിയന്ത്രണങ്ങളുള്ളതിനാല്‍ രാജ്യത്ത് നിന്നും കൃത്യമായി പുറത്തുവരുന്നില്ല. പ്രതിഷേധങ്ങള്‍ രാജ്യവ്യാപക പ്രക്ഷോഭമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഭരണകൂടം ഇതിനൊന്നും അനുവദിക്കുന്നില്ലെന്ന് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് ഇറാന്‍ പ്രൊജക്ട് ഡയറക്ടര്‍ അലി വയെസ് പറഞ്ഞു.
വിമാനം തകര്‍ന്നുവീണ സ്ഥലവും, അവശിഷ്ടങ്ങളും കാനഡയുടെ അന്വേഷകര്‍ പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബ്ലാക് ബോക്‌സ് വിട്ടുകിട്ടാനാണ് ഉക്രെയിന്‍ശ്രമിക്കുന്നത്. ഉക്രെയിന്‍ വിമാനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരും ഇറാന്‍കാരായ യാത്രക്കാരായിരുന്നു. 176 ഇരകളില്‍ 123 പേരെയാണ് ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടുള്ളത്. തെഹ്‌റാനിലെ ബെഹെഷ്ത് ഇ സാഹ്ര സെമിട്രിയിലാണ് നിരവധി പേരെ അടക്കിയത്. വിദേശങ്ങളില്‍ താമസിച്ചവരുടെ മൃതദേഹങ്ങള്‍ കയറ്റിഅയച്ചു.
സംഭവത്തില്‍ ഇറാനെതിരെ കാനഡ, ഉക്രെയിന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിയമനടപടിക്ക് കൂടിയാലോചന നടത്തുകയാണ്.