കൊറോണാവൈറസ് പടരുന്നത് തടയാന്‍ കഴിയാതെ ഇറാന്‍ സ്വയം പരാജയത്തിലേക്ക് നീങ്ങുന്നതായി ആരോപണം. ആത്മീയ കേന്ദ്രങ്ങളിലെ ആചാരങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാതെ വന്നതോടെ ഇവിടെ നിന്നും വൈറസ് കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാധ്യതയാണ് പുറത്തുവരുന്നത്. വിശ്വാസികള്‍ ഒരു ആരാധനാകേന്ദ്രത്തിന്റെ ഗേറ്റ് ‘നക്കുന്ന’ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആശങ്ക ഉയരുന്നത്.
രാജ്യത്തെ മരണനിരക്ക് ഉയരുമ്പോള്‍ ഇന്‍ഫെക്ഷന്‍ പടരുന്നത് ഒഴിവാക്കാന്‍ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് ഭരണകൂടം ആവശ്യപ്പെടുന്നുണ്ട്. സ്‌കൂളുകളും, യൂണിവേഴ്‌സിറ്റികളും, സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളും ഇവര്‍ അടച്ചിട്ടുണ്ട്. എന്നാല്‍ പരിശുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ ഇറാനിലെ ശക്തരായ പുരോഹിത വിഭാഗം തയ്യാറായിട്ടില്ല. വൈറസ് ഏറ്റവും കൂടുതല്‍ പടര്‍ന്നുകയറിയ ക്വോം നഗരത്തിലും ഇതാണ് സ്ഥിതി.
ആരാധനയ്‌ക്കെത്തുന്ന കേന്ദ്രങ്ങളില്‍ ചുംബിക്കുന്നതും, തൊടുന്നതും ഒഴിവാക്കാനാണ് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഉപദേശം പരിഗണിക്കാതെ മാസുമെ ആരാധനാകേന്ദ്രത്തിന്റെ വാതിലും, ശവകൂടീരത്തിന്റെ ഗേറ്റിലും നക്കുന്ന ആളുകളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. രാജ്യത്ത് 54 പേരുടെ ജീവനെടുത്ത വൈറസ് തങ്ങള്‍ക്ക് ലഭിച്ചാലും, മറ്റുള്ളവരിലേക്ക് പടരാന്‍ ഇടയാക്കിയാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന നിലപാടിലാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന വിശ്വാസികള്‍.
കൊറോണയുടെ പേരില്‍ ആളുകളെ ഭയപ്പെടുത്തുന്ന പ്രചരണങ്ങള്‍ നടത്തരുതെന്നാണ് ഇവിടെയെത്തുന്ന വിശ്വാസികള്‍ പറയുന്നത്. വാതില്‍ നക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളും ഭയപ്പെടുത്തുന്നതാണ്. മതകേന്ദ്രങ്ങള്‍ തുറന്നിട്ട് ഇറാന്‍കാരുടെയും, ലോകത്തിലെ ജനങ്ങളുടെയും ജീവിതത്തിന് അപകടം ക്ഷണിച്ച് വരുത്തുകയാണ് ഭരണകൂടമെന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകന്‍ മാസി അലനെജെദ് പറഞ്ഞു.
ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ ബാധിച്ച് മരിച്ചത് ഇറാനിലാണ്. 978 പേരെ ഇന്‍ഫെക്ഷന്‍ പിടികൂടിയെന്നാണ് കരുതുന്നത്. എന്നാല്‍ മതകേന്ദ്രങ്ങള്‍ ശക്തരായ ഇറാനില്‍ ഭരണകൂടത്തിന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാത്ത നിലപാടാണ് പുരോഹിതവര്‍ഗ്ഗം സ്വീകരിക്കുന്നത്.