വാഷിംഗ്ടണ്‍: ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമനേനിയ്ക്ക് മറുപടി നല്‍കി ഡൊണള്‍ഡ് ട്രംപ്. നിരന്തരം അമേരിക്കയെ വിമര്‍ശിക്കുന്ന ഖമനേനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനിലെ ജനത അങ്ങേയറ്റം ദാരിദ്രത്തിലാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹം അമേരിക്കക്കെതിരെ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘കോമാളിയെന്ന്’ വിശേഷിപ്പിച്ച് ഇറാന്റെ പരമോന്നത നേതാവ് അയാത്തൊള്ളാ ഖമനേനി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഇറാന് മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. എട്ട് വര്‍ഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നയിക്കവെയാണ് പരമോന്നത നേതാവിന്റെ പരിഹാസം. ഇറാന്‍ ജനതയെ പിന്തുണയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് അഭിനയിക്കുകയാണെന്ന് 80കാരനായ നേതാവ് ആരോപിച്ചു. ഇതിന് ശേഷം വിഷം പുരട്ടിയ വാള്‍ രാജ്യത്തിന്റെ പിന്നില്‍ കുത്തിയിറക്കുമെന്നും അയാത്തൊള്ള പ്രസ്താവിച്ചു.
ആയിരങ്ങളാണ് അയാത്തൊള്ളാ ഖമനേനിയുടെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയത്. ഇടയ്ക്കിടെ ‘ദൈവം മഹാനാണ്’, ‘അമേരിക്കയ്ക്ക് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴങ്ങി. ഇസ്ലാമിക് സ്റ്റേറ്റിന് എതിരായ യുദ്ധം നയിച്ച ഏറ്റവും മികച്ച കമാന്‍ഡറെയാണ് അമേരിക്കയുടെ ഭീരുത്വ നടപടിയില്‍ വകവരുത്തിയതെന്ന് ഖമനേനി പ്രസ്താവിച്ചു. യുഎസ് സൈനിക ബേസുകളില്‍ ഇറാന്‍ മിസൈല്‍ അക്രമണം ദൈവത്തിന്റെ ദിനമാണെന്ന് വിശേഷിപ്പിച്ച പരമോന്നത നേതാവ് ഇത് അമേരിക്കയുടെ സൂപ്പര്‍പവര്‍ മുഖച്ഛായയ്ക്ക് ഏറ്റ തിരിച്ചടിയാണെന്നും കൂട്ടിച്ചേര്‍ത്തു.