പാകിസ്താനില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. ബലൂചി തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് അല്‍ അദലിന്റെ രണ്ട് താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്താന്‍ അധികൃതര്‍ അറിയിച്ചു. ഇറാന്റെ അര്‍ദ്ധസൈനിക വിഭാഗമായ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകള്‍ ഇറാഖിലും സിറിയയിലും മിസൈല്‍ ആക്രമങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍.
”പാകിസ്താനും ഇറാനും തമ്മില്‍ നിരവധി ആശയവിനിമയ മാര്‍ഗങ്ങള്‍ നിലവിലുണ്ടെങ്കിലും ഈ നിയമവിരുദ്ധ പ്രവൃത്തി നടന്നുവെന്നത് അതിലും ആശങ്കാജനകമാണ്,” പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇറാന്റെ വിദേശ കാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പാകിസ്താന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ഇറാനായിരിക്കും എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് സ്ത്രീകളുടെ നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇറാന്‍ സുരക്ഷാ സേനയ്ക്ക് നേരെ നേരത്തെ ജയ്ഷ് അല്‍ അദല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാകിസ്താനിലെ കൗഹ്-സബ്‌സ് (പച്ച പര്‍വ്വതം) പ്രദേശത്ത് ജയ്ഷ് അല്‍-ദുല്‍ം എന്നറിയപ്പെടുന്ന ജയ്ഷ് അല്‍-അദ്ല്‍ തീവ്രവാദ ഗ്രൂപ്പിന്റെ രണ്ട് ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.യാതൊരു പ്രകോപനവുമില്ലാതെ വ്യോമാതിര്‍ത്തി ലംഘിച്ചതും പ്രദേശത്തിനുള്ളില്‍ നടത്തിയ ആക്രമണവും പാക്കിസ്ഥാന്‍ ശക്തമായി അപലപിച്ചു. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.