ടെഹ്‌റാന്‍: രാഷ്ട്രീയ ലോകത്ത് അനുഭവസമ്പത്തില്ലാത്തയാളാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.
അനുഭവസമ്പത്തില്ലാത്ത ഇത്തരം രാഷ്ട്രീയക്കാരാണു മറ്റു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു വീസ നിഷേധിക്കുന്നത്. ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെത്തുടര്‍ന്നാണു റൂഹാനിയുടെ വിമര്‍ശനം.
മറ്റൊരു ലോകത്തുനിന്നുവന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും ദ്രോഹം വരുത്തിവയ്ക്കുകയാണ് ഇങ്ങനെയുള്ളവര്‍. യുഎസിന്റെ കപടവേഷമാണു ട്രംപിന്റെ വിലക്കു നടപടിയോടെ വെളിവാക്കപ്പെട്ടിരിക്കുന്നതെന്ന് ഹസ്സന്‍ റൂഹാനി പറഞ്ഞു.
ഇറാന്‍ ഭരണകൂടത്തോടാണ് എതിര്‍പ്പ്, ജനതയോടല്ലെന്നായിരുന്നു ഇതുവരെ യുഎസ് നിലപാട്. എന്നാല്‍, അവരുടെ ഹൃദയത്തിനുള്ളില്‍ എന്താണുള്ളതെന്ന് ഇപ്പോള്‍ വെളിവായി, റൂഹാനി കൂട്ടിച്ചേര്‍ത്തു.
ഇറാനേക്കൂടാതെ ലിബിയ, സുഡാന്‍, സൊമാലിയ, സിറിയ, ഇറാഖ്, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് യുഎസില്‍ പ്രവേശിക്കാന്‍ മൂന്നുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.