യൂറോപ്യന്‍ സൈനികര്‍ അപകടത്തിലെന്ന് പാശ്ചാത്യ ലോകത്തിനുള്ള ഭീഷണിയില്‍ ഇറാന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ആണവ കരാറില്‍ നിന്നും പിന്‍വാങ്ങാനുള്ള ഇറാന്റെ പരിശ്രമങ്ങള്‍ക്കെതിരെ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സമ്മര്‍ദം ഉയര്‍ത്തിയതോടെയാണ് പാശ്ചാത്യ ചേരിയിലെ സൈനികര്‍ക്ക് ഹസന്‍ റുഹാനി ഭീഷണി സന്ദേശം നല്‍കിയത്. കരാര്‍ അനുസരിക്കില്ലെന്ന ഇറാന്റെ വീഴ്ചയ്‌ക്കെതിരെ ‘തര്‍ക്കപരിഹാര നടപടിക്ക്’ ഈ രാജ്യങ്ങള്‍ തുടക്കമിട്ടതാണ് അവരെ ചൊടിപ്പിച്ചത്.
‘ഇന്ന് അമേരിക്കന്‍ സൈനികര്‍ ഭീഷണിയിലാണ്, നാളെ യൂറോപ്യന്‍ സൈനികരും ഭീഷണി നേരിടാം’, റുഹാനി മുന്നറിയിപ്പ് നല്‍കി. യൂറോപ്പും, ഇറാനും കരാര്‍ സംരക്ഷിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവകരാറില്‍ നിന്നും ഏകപക്ഷീയമായി പിന്‍വാങ്ങിയതോടെ ആണവ പരിധികള്‍ ഉപേക്ഷിക്കുമെന്ന നിലപാടിലാണ് തെഹ്‌റാന്‍. ഇറാന്‍ ജനറലിന്റെ വധത്തോടെ ഇക്കാര്യം ഇറാന്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ആണവ തര്‍ക്കം ഒഴിവാക്കാന്‍ പുതിയ ‘ട്രംപ് കരാര്‍’ വേണമെന്ന നിര്‍ദ്ദേശം റുഹാനി തള്ളി. ഇതൊരു വിചിത്രമായ ഓഫറാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഉറപ്പുകള്‍ തകര്‍ക്കുന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. 2018ല്‍ യുഎസ് ഉപേക്ഷിച്ച് പോയ കരാറിലേക്ക് അവര്‍ ആദ്യം തിരിച്ചുവരാനും റുഹാനി ആവശ്യപ്പെട്ടു. ഇറാന് മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ മാറ്റുന്നതിന് വേണ്ടിയാണ് തെഹ്‌റാന്‍ ആണവ കരാര്‍ അനുസരിച്ച് ഉത്പാദനം കുറച്ചത്.
കരാറില്‍ നിന്നും ഏകപക്ഷീയമായി പിന്‍മാറിയ വാഷിംഗ്ടണ്‍ ഇറാന് മേലുള്ള ഉപരോധങ്ങള്‍ തിരിച്ചെത്തിക്കുകയാണ് ചെയ്തത്. ഇറാന്റെ എണ്ണ കയറ്റുമതിയെ ശ്വാസംമുട്ടിച്ച് സമ്മര്‍ദം ചെലുത്തുകയാണ് അവരുടെ നയം. ആണവ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും, മേഖലയിലെ രഹസ്യയുദ്ധങ്ങളും അവസാനിപ്പിക്കാന്‍ ഇറാനെ കൊണ്ട് സമ്മതിപ്പിക്കുകയാണ് അമേരിക്കയുടെ ശ്രമം.